കാലിക്കടത്ത് ആരോപിച്ച് മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന പ്രതിയെ പിന്തുണച്ച് റാലി

രാജസ്ഥാനിൽ നിന്നുള്ള രണ്ട് മുസ്‍ലിം യുവാക്കളെ ഹരിയാനയിൽ കാലിക്കടത്ത് ആരോപിച്ച് ചുട്ടു​കൊന്ന കേസിൽ പ്രതിയായ പശുരക്ഷാ ഗുണ്ട മോനു മനേസറിന് പിന്തുണയുമായി തെരുവിൽ പ്രകടനം. തീവ്ര ഹിന്ദുത്വ വലതുപക്ഷ സംഘടനകളായ വി.എച്ച്.പി (വിശ്വഹിന്ദു പരിഷത്ത്), ബജ്‌റംഗ്ദൾ എന്നീ സംഘടനകളാണ് മനേസറിനെ പിന്തുണച്ച് ശനിയാഴ്ച റാലി നടത്തിയത്.

‘‘ഞങ്ങളുമായി ഏറ്റുമുട്ടുന്നവരെ പൊടിപൊടിക്കും. മോനു സഹോദരാ, മുന്നോട്ട് പോകൂ! ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്!. പശു സംരക്ഷകരുടെ ബഹുമാനാർത്ഥം, ഓരോ ഹിന്ദുവും രംഗത്തിറങ്ങും’’ - തുടങ്ങിയ മുദ്രാവാക്യങ്ങളാണ് റാലിയിൽ ഉയർന്നതെന്ന്  മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.


കഴിഞ്ഞ ചൊവ്വാഴ്ചയാണ് നസീർ, ജുനൈദ് എന്നീ യുവാക്കളെ പശുക്കളെ തട്ടിക്കൊണ്ടുപോയി എന്ന് ആരോപിച്ച് മനേസർ ഉൾപ്പെടെയുള്ള ബജ്‌റംഗ് ദളിലെ അംഗങ്ങൾ തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തിയത്. മരിച്ചവരുടെ മൃതദേഹം കാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയതിനെ തുടർന്ന് കേസെടുത്തിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആറ് പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ എന്നിവർക്കൊപ്പം മുസ്‍ലിം യുവാക്കളെ ചുട്ടുകൊന്ന കേസിലെ മുഖ്യ പ്രതി മോനു മനേസർ

ബുധനാഴ്ച ഗോപാൽഗഡിൽ പശു സംരക്ഷകർക്കെതിരെ കേസെടുത്തതിന് പിന്നാലെ രാജസ്ഥാനിലെ ഗെഹലോട്ട് സർക്കാരിനെതിരെയും മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. മനേസറെ കൂടാതെ, ജുനൈദിനെയും നസീറിനെയും തട്ടിക്കൊണ്ടുപോയി മർദിച്ചതിന് ബജ്‌റംഗ്ദൾ നേതാക്കളായ ലോകേഷ്, റിങ്കു സൈനി, ശ്രീകാന്ത് എന്നിവരുടെ പേരുകളാണ് എഫ്‌.ഐ.ആറിൽ ഉള്ളത്. മനേസർ 2016 മുതൽ സജീവ ബജ്‌റംഗ് ദൾ അംഗമാണ്. പശുവുമായി പോകുന്നവരെ ഇയാളും ബജ്‌റംഗ് ദളിലെ മറ്റ് അംഗങ്ങളും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുന്നതിന്റെയും ആക്രമിക്കുന്നതിന്റെയും നിരവധി വീഡിയോകളും ഇയാൾ തന്റെ യൂ ട്യൂബ് ചാനൽ വഴി പങ്കുവെച്ചിട്ടുണ്ട്.

Tags:    
News Summary - Bhiwani Killings: VHP, Bajrang Dal rally in support of accused Monu Manesar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.