ഭോപാൽ: മുപ്പത്തിയൊമ്പതു വർഷം മുമ്പ് ഒരു ഡിസംബർ രണ്ടിലെ തണുത്തുറഞ്ഞ രാത്രിയിൽ യൂനിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് ചോർന്നു പരന്ന വിഷവാതകം ആയിരങ്ങളെ കൊന്നൊടുക്കിയെന്നു മാത്രമല്ല, പതിറ്റാണ്ടുകൾക്കിപ്പുറം ദുരന്തത്തെ അതിജീവിച്ചവർക്ക് ഇപ്പോഴും പേടിസ്വപ്നമായി തുടരുന്നു. 1984 ഡിസംബർ രണ്ട്, മൂന്ന് രാത്രി യൂനിയൻ കാർബൈഡ് കീടനാശിനി ഫാക്ടറിയിൽനിന്ന് വിഷവാതകം ചോർന്ന് 3,787 പേരാണ് കൊല്ലപ്പെട്ടത്. അഞ്ചുലക്ഷത്തിലേറെ ജനങ്ങളെ ദുരന്തം നേരിട്ടു ബാധിക്കുകയും ചെയ്തു.
‘േഭാപാൽ ഭയന്നുവിറച്ച രാത്രികളായിരുന്നു അത്. ആ ഭീകര രാത്രിയിൽ ജനങ്ങൾ കുഴഞ്ഞുവീണ് മരിക്കുന്നത് നേരിട്ടു കാണുകയായിരുന്നു’ -ദുരന്തത്തിന്റെ ഇരയും റിട്ട. െറയിൽവേ റിസർവേഷൻ സൂപ്രണ്ടുമായ മഹേന്ദ്രജീത് സിങ് (79) പറഞ്ഞു. ‘രണ്ടുമണിയോടടുത്ത് വലിയ ബഹളം കേട്ടാണ് ഞങ്ങൾ െറയിൽവേ കോളനിയിലുള്ളവർ ഉണർന്നത്. കാർബൈഡ് ഫാക്ടറിക്കടുത്തുള്ള താമസക്കാരുടെ വീടുകളിൽനിന്നാണ് നിലവിളി കേട്ടത്.
അപകടം മണത്ത് ഞങ്ങൾ അതിവേഗം ഒരു സ്കൂട്ടറിൽ കയറി കഴിയാവുന്ന ദൂരത്തേക്ക് ഓടിച്ചുപോയി. കോളനിയിലെ പലരും ഓടിയും മറ്റും ദുരന്തസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നുണ്ടായിരുന്നു. നാലു കിലോമീറ്റർ അകലെയുള്ള ഒരു ഭക്ഷണശാലയിൽ കയറിയിരുന്നാണ് നേരം വെളുപ്പിച്ചത്’ -അദ്ദേഹം പറഞ്ഞു. വിഷവാതകം ശ്വസിച്ച, സിങ്ങിന്റെ മാതാവും ഇളയ സഹോദരനും കുറച്ചു വർഷങ്ങൾക്കുശേഷം മരണത്തിനു കീഴടങ്ങി.
‘ദുരന്തത്തിനു മൂന്നു ദിവസം കഴിഞ്ഞ് ഞാനൊരു കാര്യം ശ്രദ്ധിച്ചു. വീടിനു സമീപത്തുണ്ടായിരുന്ന ആൽമരത്തിന്റെ ഇലകളെല്ലാം കൊഴിഞ്ഞുപോകുന്നു. നഗരത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതേ പ്രതിഭാസം മറ്റിടങ്ങളിലുമുണ്ടായി. ഫാക്ടറിയിൽ ബാക്കിയുള്ള വിഷവാതകം കൂടി പുറത്തുവിടുമെന്ന് അഭ്യൂഹം പരന്നതോടെ ഞങ്ങൾ അയൽ ജില്ലയായ ഹോഷങ്കാബാദിലേക്ക് മാറി’ -അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.