മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിലെ കേസിൽ പുതിയ അപ്ഡേഷൻ. സംഭവത്തിൽ ബംഗ്ലാദേശ് സ്വദേശിയായ ശരീഫുൽ ഇസ്‍ലാമിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സി.സി.ടി.വി ദൃശ്യങ്ങളിൽ ഫൂട്ടേജുകളുമായി ശരീഫുൽ ഇസ്‍ലാമിന്റെ മുഖത്തിന് സാദൃശ്യം സ്ഥിരീകരിക്കുന്ന റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചതാണ് പുതിയ വാർത്ത. ശരീഫുൽ ഇസ്‍ലാമിനെ മുഖ സാമ്യ പരിശോധനക്ക് (ഫേസ് റെക്കഗ്നിഷ്യൻ) വിധേയമാക്കിയിരുന്നു. അതോടെ സെയ്ഫിനെ ആക്രമിച്ചത് ശരീഫുൽ ഇസ്‍ലാം തന്നെയാണെന്ന നിഗമനത്തിലെത്തിയിരിക്കുകയാണ് ബാന്ദ്ര പൊലീസ്.
ഇയാളെ അറസ്റ്റ് ചെയ്തതിനു പിന്നാലെ യഥാർഥ പ്രതിയെ തന്നെയാണോ പൊലീസ് പിടികൂടിയിട്ടുള്ളത് എന്നത് സമൂഹ മാധ്യമങ്ങളിലടക്കം വലിയ ചർച്ചയായിരുന്നു. അക്രമം നടന്ന സ്ഥലത്ത് നിന്ന് ലഭിച്ച ഫിംഗർ പ്രിന്റുകളുമായി ശരീഫുൽ ഇസ്‍ലാമിന്റെ ഫിംഗർ പ്രിന്റിന് സാമ്യമില്ലെന്ന് വരെ ചില വാർത്താ പോർട്ടലുകൾ വാർത്ത നൽകി. അക്രമിയുടെ സി.സി.ടി.വിയിൽ പതിഞ്ഞ ഫോട്ടോയുമായി ശരീഫുൽ ഇസ്‍ലാമിന് സാമ്യമുണ്ടെന്ന് കണ്ടെത്തിയതോടെ ഇയാൾ തന്നെയാണ് പ്രതിയെന്ന് ബാന്ദ്ര പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ഇയാളെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
സെയ്ഫിന് കുത്തേറ്റ സംഭവത്തിൽ ഇതിനു മുമ്പ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നുവെങ്കിലും പ്രതിയല്ലെന്ന് കണ്ട് പിന്നീട് വിട്ടയക്കുകയായിരുന്നു. ഇതും അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്ന സംശയത്തിന് ബലമേകി.
അതിനിടെ, സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം കെട്ടിച്ചമച്ചതാണെന്നും നാടകമാണെന്നും ആരോപണങ്ങളുയർന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയ നടന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
വെള്ള ഷർട്ടും ജീൻസും കൂളിങ് ഗ്ലാസും ധരിച്ച് ആരാധകരെ അഭിവാദ്യം ചെയ്തുകൊണ്ടായിരുന്നു നടൻ നടന്നുപോയത്. വിഡിയോ വൈറലായതോടെ സംശയം പ്രകടിപ്പിച്ച് ആരാധകർ രംഗത്തെത്തിയിരുന്നു. നട്ടെല്ലിനടുത്ത് ഗുരുതര പരിക്കേറ്റയാൾ കുറച്ചുദിവസങ്ങൾക്കുള്ളിൽ എങ്ങനെയാണ് ഇങ്ങനെ നടന്നു പോകുന്നത്, മേജർ സർജറിക്ക് വിധേയനായ ഒരാൾക്ക് ഇങ്ങനെ ചാടിച്ചാടി നടക്കാനാകുമോ എന്നൊക്കെയായിരുന്നു ചോദ്യങ്ങൾ.
ജനുവരി 16ന് പുലർച്ചെ 2.30നാണ് ബാന്ദ്രയിലെ സദ്ഗുരു ശരണ്‍ കെട്ടിടത്തിൽവെച്ച് കുത്തേറ്റത്. ആറുതവണ കുത്തേറ്റതിൽ രണ്ടെണ്ണം ആഴത്തിലുള്ളതായിരുന്നു. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയയാണ് നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.