ഗാർഹിക പീഡനത്തിനിരയായവരെ സഹായിക്കാൻ 140 സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി ബീഹാർ

ഗാർഹിക പീഡനത്തിനിരയായവരെ സഹായിക്കാൻ 140 സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി ബീഹാർ

ഗാർഹിക പീഡനത്തിനിരയായവരെ സഹായിക്കാനും ശാക്തീകരിക്കാനുമായി 140 മുഴുവൻ സമയ സംരക്ഷണ ഉദ്യോഗസ്ഥരെ നിയമിക്കാനൊരുങ്ങി ബീഹാർ സർക്കാർ. സബ് ഡിവിഷൻ, ജില്ലാ, സംസ്ഥാന തലങ്ങളിൽ സാമൂഹ്യക്ഷേമ വകുപ്പാണ് പ്രത്യേക കേഡർ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് ഗാർഹിക പീഡന കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം.

ഗാർഹിക പീഡനക്കേസുകൾ ഫലപ്രദമായി നേരിടാൻ മുഴുവൻ സമയ ഉദ്യോഗസ്ഥരെ നിയമിക്കാൻ സാമൂഹ്യക്ഷേമ വകുപ്പ് തീരുമാനിച്ചതായി അഡീഷണൽ ചീഫ് സെക്രട്ടറിയും ബീഹാർ വനിതാ ശിശു വികസന കോർപ്പറേഷൻ ചെയർമാനുമായ 'ഹർജോത് കൗർ ബംറ' പറഞ്ഞു. ഇതിനുള്ള നടപടികൾ ഉടൻ ആരംഭിക്കും. പ്രത്യേക കേഡർ നിർമ്മിച്ച് സംസ്ഥാനത്തുടനീളം 140 പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കും. സംസ്ഥാനതലത്തിൽ ഒരു മുതിർന്ന ഉദോഗസ്ഥനാകും മുഴുവൻ കാര്യങ്ങളും നിയന്ത്രിക്കുക. കൂടാതെ 101 പേരെ സബ് ഡിവിഷൻ തലത്തിലും 38 പേരെ ജില്ലാ തലത്തിലും നിയമിക്കുമെന്ന് ഹർജോത് കൗർ ബംറ കൂട്ടിച്ചേർത്തു.

2005ലെ ഗാർഹിക പീഡന നിയമത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ വ്യവസ്ഥകൾ പ്രകാരമാണ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. കുടുംബത്തിനുള്ളിൽ സംഭവിക്കുന്ന ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് ഇരയായവർക്ക്, ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കുമെന്ന് ബംറ പറഞ്ഞു.


നിയമ പ്രകാരം മജിസ്‌ട്രേറ്റിന്റെ പ്രവർത്തനങ്ങൾ നിർവഹിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ സഹായിക്കുമെന്നും, പീഡനത്തിനിരയായ ആളെ വൈദ്യ പരിശോധനക്ക് വിധേയമാക്കാനും മെഡിക്കൽ റിപ്പോർട്ടിന്റെ പകർപ്പ് മജിസ്‌ട്രേറ്റിനും പൊലീസിനും കൈമാറുക തുടങ്ങിയ ജോലികളിലാകും കേഡർമാർ കൂടുതൽ ശ്രദ്ധിക്കുക. സ്ത്രീധന നിരോധന നിയമം, 2006 ലെ ശൈശവ വിവാഹ നിരോധന നിയമം എന്നിവയിലൂടെ ഗാർഹിക പീഡനം നേരിടുന്ന സ്ത്രീകൾക്ക് നീതി ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ ഇതിനകം തന്നെ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

അക്രമണത്തിന് ഇരയായ സ്ത്രീകളെ സ്വകാര്യ, പൊതു ഇടങ്ങൾ, കുടുംബം, ജോലിസ്ഥലം എന്നിവിടങ്ങളിൽ കൂടുതൽ ഫലപ്രദമായി പിന്തുണയ്ക്കുന്നതിനായി ചില ജില്ലകളിൽ ‘വൺ സ്റ്റോപ്പ് സെൻ്ററുകൾ' (ഒ.എസ്‌.സി) തുറക്കുന്നതിനുള്ള പ്രക്രിയയും ബീഹാർ സർക്കാർ ആരംഭിച്ചിട്ടുണ്ട്. 2015ലാണ് വനിതാ ശിശു വികസന മന്ത്രാലയം ഈ പദ്ധതി അവതരിപ്പിക്കുന്നത്. നിലവിൽ 38 ജില്ലകളിലായി 39 വൺ സ്റ്റോപ്പ് സെൻ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം സംസ്ഥാന സർക്കാർ പുറത്തിറക്കിയ ബിഹാർ സാമ്പത്തിക സർവേ റിപ്പോർട്ട് (2023-24) അനുസരിച്ച്, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് കൂടുതലാണ്. ഗാർഹിക പീഡനം (5,615), സ്ത്രീധന പീഡനം (708), ബലാത്സംഗം (147), രണ്ടാം വിവാഹം (71), ശൈശവ വിവാഹം (48), സൈബർ കുറ്റകൃത്യങ്ങൾ (42), ജോലിസ്ഥലത്തുള്ള ലൈംഗിക പീഡനം (23), മറ്റ് കുറ്റകൃത്യങ്ങൾ (1,284) അടക്കം 2022-23ൽ രജിസ്റ്റർ ചെയ്ത 7,938 കേസുകളാണ്. ഇതിൽ 6,952 കേസുകൾ തീർപ്പാക്കിയെന്നും ബംറ പറഞ്ഞു. 

Tags:    
News Summary - 140 protection officers to be appointed in Bihar to help victims of domestic violence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.