ന്യൂഡൽഹി: ബിൽകിസ് ബാനു കേസിലെ 11 കുറ്റവാളികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ച നടപടിക്കെതിരായ ഹരജികളിൽ വാദം കേൾക്കുന്നതിൽനിന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബേല എം. ത്രിവേദി പിന്മാറി. സി.പി.എം നേതാവ് സുഭാഷിണി അലി, മാധ്യമ പ്രവർത്തക രേവതി ലോൽ, ലഖ്നോ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ, തൃണമൂൽ എം.പി മഹുവ മോയ്ത്ര തുടങ്ങിയവരുടെ ഹരജികൾ ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബേല എന്നിവരുടെ ബെഞ്ചിലാണ് വന്നത്.
മോചിപ്പിച്ചവർക്കു വേണ്ടി ഹാജരായ അഡ്വ. ഋഷി മൽഹോത്ര, കേസിൽ ഇടപെടാൻ ഹരജിക്കാർക്ക് യാതൊരു നിയമാവകാശവും ഇല്ലെന്ന് പറഞ്ഞു. എന്നാൽ, ഈ വാദം ഹരജിക്കാർക്കുവേണ്ടി കോടതിയിലെത്തിയ അഡ്വ. വൃന്ദ ഗ്രോവർ, അപർണ ഭട്ട് എന്നിവർ ഖണ്ഡിച്ചു. തുടർന്ന് ഹരജികൾ ഫെബ്രുവരിയിൽ പരിഗണിക്കുമെന്ന് ബെഞ്ച് വ്യക്തമാക്കി. ബിൽകിസ് ബാനുവിന്റെ അഭിഭാഷക ശോഭ ഗുപ്ത, ജസ്റ്റിസ് ത്രിവേദി മോചനത്തിനെതിരായ ഇരയുടെ ഹരജി കേൾക്കുന്നതിൽനിന്ന് പിന്മാറിയ കാര്യം പിന്നീട് ശ്രദ്ധയിൽപെടുത്തി. പിന്നാലെ, ജസ്റ്റിസ് രസ്തോഗി ജസ്റ്റിസ് ത്രിവേദിയുമായി സംസാരിക്കുകയും അവർ ഈ ഹരജി കേൾക്കുന്നതിൽനിന്നും പിന്മാറാൻ ആഗ്രഹിക്കുന്നെന്നും അറിയിക്കുകയായിരുന്നു.
‘ഇരയുടെ ഹരജി പരിഗണിക്കുന്നതിൽനിന്ന് എന്റെ സഹോദരി ജഡ്ജി പിന്മാറിയിരുന്നതിനാൽ, ഈ ഹരജി കേൾക്കുന്നതിൽനിന്നും അവർ പിന്മാറാൻ ആഗ്രഹിക്കുന്നെ’ന്ന് ജസ്റ്റിസ് രസ്തോഗി പറഞ്ഞു. മോചനത്തിനെതിരെ ഇര ഈ കോടതിയെ സമീപിച്ചതിനാൽ അവരുടേത് പ്രധാന ഹരജിയായി പരിഗണിക്കുമെന്നും മറ്റ് ഹരജികൾ ഇതോടൊപ്പം ചേർത്ത് പരിശോധിക്കുമെന്നും രസ്തോഗി തുടർന്നു. മറ്റു ജഡ്ജിമാർ ഉൾപ്പെട്ട ബെഞ്ചാകും അത് പരിഗണിക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കി.
സുപ്രീംകോടതി നിർദേശങ്ങൾ പാടെ അവഗണിച്ച് നിയമത്തെ യാന്ത്രികമായി കണ്ടാണ് ഗുജറാത്ത് സർക്കാർ 2002 കലാപത്തിൽ തന്നെ ബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്തവരെ മോചിപ്പിച്ചതെന്ന് റിട്ട് ഹരജിയിൽ ബിൽകിസ് ബാനു പറഞ്ഞു. കൂട്ടബലാത്സംഗത്തിനിരയാകുന്ന സമയത്ത് അഞ്ചുമാസം ഗർഭിണിയായിരുന്നു ബിൽകിസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.