അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന്റെ രാജി പാർട്ടി ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം. ഡൽഹിയിലായിരുന്ന ദേബ് ശനിയാഴ്ച രാവിലെയാണ് അഗർത്തലയിൽ തിരിച്ചെത്തിയത്. വ്യാഴാഴ്ച ഡൽഹിയിലെത്തിയ അദ്ദേഹം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവരെ സന്ദർശിച്ചിരുന്നു.
അടുത്തവർഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയിൽ ബി.ജെ.പി സംസ്ഥാന ഘടകത്തിൽ കടുത്ത ഭിന്നതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് രാജി. പ്രതിപക്ഷ പാർട്ടി പ്രവർത്തകർക്കെതിരായ വ്യാപക അക്രമങ്ങളെ തുടർന്ന് സംസ്ഥാനത്തെ ക്രമസമാധാനം തകർന്നതായി ചൂണ്ടിക്കാട്ടി പ്രതിപക്ഷം ബിപ്ലബിന്റെ രാജി ആവശ്യപ്പെട്ടിരുന്നു. ഇൻഡിജനസ് പീപ്ൾസ് ഫ്രണ്ട് ഓഫ് ത്രിപുരയുമായി (ഐ.പി.എഫ്.ടി) ചേർന്നാണ് ബി.ജെ.പി സഖ്യ സർക്കാർ രൂപവത്കരിച്ചത്. 2018ൽ മണിക് സർക്കാറിന്റെ നേതൃത്വത്തിലുള്ള സി.പി.എം സർക്കാറിനെ പരാജയപ്പെടുത്തിയാണ് ബി.ജെ.പി ത്രിപുരയിൽ ഭരണം പിടിച്ചത്. 25 വർഷം നീണ്ട ഇടതുഭരണം അവസാനിപ്പിച്ച് ബി.ജെ.പിയെ അധികാരത്തിലേറ്റിയത് ബിപ്ലബിന്റെ നേതൃത്വമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയെന്ന നിലയിൽ ദേശീയ നേതൃത്വത്തിന്റെ മതിപ്പ് നേടാൻ കഴിയാത്തതാണ് വിനയായതെന്നാണ് വിലയിരുത്തൽ. ഭരണരീതികളിലും ചില വിവാദ പ്രസ്താവനകളിലും ബി.ജെ.പിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. അധികാരത്തുടർച്ചക്ക് ബിപ്ലബിന്റെ നേതൃത്വം മതിയാവില്ലെന്ന വിമർശനവും പാർട്ടിക്കുള്ളിൽ ശക്തമായിരുന്നു. ത്രിപുരയിൽ ഒരുകൈ നോക്കാൻ തൃണമൂൽ കോൺഗ്രസ് കഠിന പ്രയത്നത്തിലുമാണ്.
'പാർട്ടി എല്ലാറ്റിനും ഉപരിയാണ്. ഞാൻ ബി.ജെ.പിയുടെ വിശ്വസ്ത പ്രവർത്തകനാണ്. 2023ൽ തെരഞ്ഞെടുപ്പ് വരുന്നതിനാൽ ഉത്തരവാദിത്തമുള്ള സംഘാടകൻ വേണമെന്ന് പാർട്ടി ആഗ്രഹിക്കുന്നു. സംഘടന ശക്തമാണെങ്കിൽ മാത്രമെ ഒരു സർക്കാർ രൂപവത്കരിക്കാൻ കഴിയൂ. ദീർഘകാല ബി.ജെ.പി സർക്കാർ വരണമെന്നാണ് ജനങ്ങളുടെ ആഗ്രഹം. തന്നെപ്പോലുള്ള ഒരാൾ സംഘടനയിൽ പ്രവർത്തിച്ചാൽ ഈ ലക്ഷ്യത്തിന് സഹായകമാകും' -ദേബ് മാധ്യമങ്ങളോട് പറഞ്ഞു. അഞ്ചുതവണ എം.എൽ.എയും മുൻ ആരോഗ്യമന്ത്രിയുമായ സുദീപ് റോയ് ബർമൻ, ആശിഷ് കുമാർ സാഹ എന്നിവർ ഫെബ്രുവരിയിൽ എം.എൽ.എ സ്ഥാനം രാജിവെച്ച് കോൺഗ്രസിൽ ചേർന്നിരുന്നു. നേരത്തെ ബി.ജെ.പി എം.എൽ.എ ആശിഷ് ദാസ് തൃണമൂലിലും ചേർന്നിരുന്നു. 2016ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന ദന്തഡോക്ടറായ സാഹ 2020ൽ പാർട്ടി സംസ്ഥാന അധ്യക്ഷനായി. ത്രിപുര ക്രിക്കറ്റ് അസോ. പ്രസിഡന്റുമാണ്. മുഖ്യധാര രാഷ്ട്രീയത്തിൽ ചേരുംമുമ്പ് ഹപാനിയയിലെ ത്രിപുര മെഡി. കോളജിൽ അധ്യാപകനായിരുന്നു. 1971ൽ ജനിച്ച ബിപ്ലബ് ദേബ് 2016 മുതൽ 2018 വരെ ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നു. ത്രിപുരയുടെ പത്താമത് മുഖ്യമന്ത്രിയായി 2018 മാർച്ച് ഒമ്പതിനാണ് സത്യപ്രതിജ്ഞ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.