അന്നപൂർണ ഹോട്ടലുടമ ധനമന്ത്രിയോട് മാപ്പുപറയുന്ന വിഡിയോ പ്രചരിപ്പിച്ച ബി.ജെ.പി നേതാവ് പുറത്ത്

കോയമ്പത്തൂർ: തമിഴ്നാട്ടിലെ അന്നപൂർണ ഹോട്ടൽ ഉടമ ഡി. ശ്രീനിവാസൻ കേന്ദ്രമന്ത്രി നിർമല സീതാരാമനോട് മാപ്പ് പറയുന്ന വിഡിയോ പ്രചരിപ്പിച്ച നേതാവിനെ ബി.ജെ.പി പുറത്താക്കി. ജി.എസ്.ടി നിരക്കിനെ കുറിച്ച് നടത്തിയ പ്രതികരണത്തിൽ ശ്രീനിവാസൻ പിന്നീട് ധനമന്ത്രിയോട് മാപ്പ് പറയുന്ന വിഡിയോ ആണ് പുറത്തായത്.

തമിഴ്നാട് സിംഗനല്ലൂർ മണ്ഡൽ പ്രസിഡന്റ് ആർ. സതീഷിനെയാണ് പദവിയിൽ നിന്നും പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. ഇതുസംബന്ധിച്ച് കോയമ്പത്തൂർ ജില്ല പ്രസിഡന്റ് കെ. രമേഷ് കുമാർ വാർത്താകുറിപ്പ് പുറത്തിറക്കി. ഹോട്ടലുകളിലെ വിവിധ ഭക്ഷണങ്ങൾക്ക് വ്യത്യസ്ത രീതിയിൽ ജി.എസ്.ടി ഏർപ്പെടുത്തുന്നതിനെ കുറിച്ചായിരുന്നു ശ്രീനിവാസൻ നിർമല സീതാരാമനോട് അഭിപ്രായം പറഞ്ഞത്. പിന്നീട് പ്രതികരണത്തിൽ മാപ്പ് പറയുകയും ചെയ്തു. വിഡിയോ ചോർന്നതിൽ തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ അണ്ണാമലൈ ഖേദം പ്രകടിപ്പിച്ചിരുന്നു.

കോയമ്പത്തൂരിൽ നിർമല സീതാരാമൻ പ​ങ്കെടുത്ത ബിസിനസ് പരിപാടിയിലാണ് അന്നപൂർണ റസ്റ്റാറന്‍റ് ഉടമ ജി.എസ്.ടിയുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയത്. എന്നാൽ മറുപടി നൽകാതെ ചിരിക്കുക മാത്രമാണ് നിർമല സീതാരാമൻ ചെയ്തത്.

ജി.എസ്.ടിയിലെ അപാകതകൾ മൂലം റസ്റ്റാറന്റ് ഉടമകൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട് എന്നാണ് അന്നപൂർണ ഉടമ ധനമന്ത്രിയെ ധരിപ്പിക്കാൻ ശ്രമിച്ചത്. ക്രീമുള്ള ബണ്ണിന് 18 ശതമാനം ജി.എസ്.ടി ചുമത്തുമ്പോൾ, സാധാരണ ബണ്ണിന് ജി.എസ്.ടി ഇല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതുകാരണം കസ്റ്റമേഴ്സ് സ്ഥിരമായി പരാതി പറയാറുണ്ട്. നിങ്ങൾ ബണ്ണ് തന്നാൽ മതി, ജാമും ക്രീമും ഞങ്ങൾ ചേർത്തോളാം എന്നാണ് പറയാറുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട് ഹോട്ടൽ ഓണേഴ്സ് ഫെഡറേഷൻ ചെയർപേഴ്സൺ കൂടിയാണ് ശ്രീനിവാസൻ.

പിന്നീട് കോയമ്പത്തൂർ സൗത്ത് എം.എൽ.എ വനതി ശ്രീനിവാസന്റെ സാന്നിധ്യത്തിൽ നടന്ന സ്വകാര്യ പരിപാടിയിൽ ശ്രീനിവാസൻ നിർമലയോട് മാപ്പപേക്ഷിക്കുകയായിരുന്നു. ഇതി​ന്റെ വിഡിയോ ബി.ജെ.പി തമിഴ്നാട് ഘടകത്തിന്റെ എക്സിൽ പോസ്റ്റ് ചെയ്തു. വ്യാപക വിമർശനമാണ് വിഡിയോക്കെതിരെയുണ്ടായത്. എന്തിനാണ് ഇത്തരമൊരു വിഡിയോ ബി.ജെ.പി പങ്കുവെച്ചത് എന്നായിരുന്നു പ്രധാന ആക്ഷേപം. ചെറുകിട കച്ചവടക്കാരുടെ അഭ്യർഥനകൾ അഹങ്കാ​രത്തോടെയും ബഹുമാനമില്ലാതെയുമാണ് ധനമന്ത്രി പരിഗണിക്കുന്നതെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചിരുന്നു.


Tags:    
News Summary - BJP expels functionary after video of restaurant owner's apology to Sitharaman sparks outrage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.