ന്യൂഡൽഹി: രാജ്യത്ത് വരുമാനത്തിലും ബാങ്ക് നീക്കിയിരിപ്പിലും ബി.ജെ.പി മറ്റെല്ലാ പാർട്ടികളെക്കാളും മുന്നിൽ. 2024 മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരം 7,113.80 കോടിയാണ് പണമായും ബാങ്ക് നീക്കിയിരിപ്പായും ബി.ജെ.പിക്കുള്ളത്. കോൺഗ്രസിനാകട്ടെ, ഇതേ കാലയളവിൽ സമ്പാദ്യമായുള്ളത് 857.15 കോടിയാണെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പുറത്തുവിട്ട പാർട്ടികളുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
ലോക്സഭ തെരഞ്ഞെടുപ്പുകൾ കൊടുമ്പിരിക്കൊണ്ട കഴിഞ്ഞ സാമ്പത്തികവർഷം ബി.ജെ.പി ഇലക്ടറൽ ബോണ്ടുകൾ വഴി സമാഹരിച്ചത് 1685.6 കോടി രൂപയാണ്. 2023-24 കാലയളവിൽ പാർട്ടിക്ക് സംഭാവനകളിലൂടെയുള്ള വരുമാനത്തിൽ 87 ശതമാനമാണ് വളർച്ച. കഴിഞ്ഞ സാമ്പത്തിക വർഷം 3,967.14 കോടിയാണ് ബി.ജെ.പിക്ക് സംഭാവനയായി ലഭിച്ചത്. മുൻ സാമ്പത്തിക വർഷം 2,120.06 കോടിയായിരുന്നു. 2022- 23 കാലഘട്ടത്തിൽ ഇലക്ടറൽ ബോണ്ടുകളുടെ രൂപത്തിൽ 1,294.14 കോടി സമാഹരിച്ച പാർട്ടി 2023-2024ൽ 1685.6 കോടിയായി ഉയർത്തി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി തെരഞ്ഞെടുപ്പ് ബോണ്ട് റദ്ദാക്കിയത്.
കഴിഞ്ഞ വർഷത്തെ ബി.ജെ.പിയുടെ ആകെ വരുമാനത്തിന്റെ 43 ശതമാനവും തെരഞ്ഞെടുപ്പ് ബോണ്ടിൽനിന്ന് സമാഹരിച്ചതാണെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. തെരഞ്ഞെടുപ്പ് പ്രചാരണമടക്കം പ്രവർത്തനങ്ങൾക്കായി കഴിഞ്ഞവർഷം 1,754.06 കോടിയാണ് ബി.ജെ.പി ചെലവഴിച്ചത്. മുമ്പ് ഇത് 1,092.15 കോടിയായിരുന്നു. 2024ൽ 591.39 കോടി രൂപ പരസ്യങ്ങൾക്കായി മാത്രം ചെലവഴിച്ചതായും കണക്കുകൾ വ്യക്തമാക്കുന്നു.
രണ്ടാം സ്ഥാനത്തുള്ള കോൺഗ്രസിന്റെ വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 320 ശതമാനം വർധിച്ച് 1,129.66 കോടിയായി. മുൻവർഷം ഇത് 268.62 കോടിയായിരുന്നു. വരുമാനത്തിന്റെ 73 ശതമാനവും തെരഞ്ഞെടുപ്പ് ബോണ്ടുകളിൽനിന്ന് ലഭിച്ചതാണ്. ഇത്തരത്തിൽ 828.36 കോടിയാണ് പാർട്ടി സമാഹരിച്ചത്. 2022-2023 സാമ്പത്തിക വർഷം തെരഞ്ഞെടുപ്പ് ബോണ്ടുകളിലൂടെ 171.02 കോടി മാത്രമായിരുന്നു കോൺഗ്രസിന് സമാഹരിക്കാനായിരുന്നത്. പാർട്ടിയുടെ തെരഞ്ഞെടുപ്പ് ചെലവ് മുൻവർഷത്തെ 192.55 കോടിയിൽനിന്ന് 2023-2024ൽ 619.67 കോടിയായി ഉയർന്നതായും റിപ്പോർട്ടിൽ പറയുന്നു. മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 646.39 കോടിയാണ് 2023-24 സാമ്പത്തിക വർഷത്തിലെ വരുമാനം. ഇതിൽ 95 ശതമാനവും ഇലക്ടറൽ ബോണ്ടിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.