കൊൽക്കത്ത: റഷ്യന്‍ അധിനിവേശം നടക്കുന്ന യുക്രെയ്നിൽ നിന്ന് ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിൽ കേന്ദ്രസർക്കാർ കാലതാമസം വരുത്തുന്നതായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇന്ത്യക്കാരെ തിരികെ കൊണ്ടുവരേണ്ടത് കേന്ദ്ര സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും രാഷ്ട്രീയത്തേക്കാൾ മനുഷ്യത്വത്തിനാണ് ഈയവസരത്തിൽ പ്രധാന്യം നൽകേണ്ടതെന്നും മമതാ ബാനർജി പറഞ്ഞു.
കോവിഡ് ലോകത്ത് നിരവധി പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയെന്നും ഇനിയതൊന്നും ആവർത്തിക്കാതിരിക്കാന്‍ ലോകസമാധാനം നിലനിർത്തുന്ന ചർച്ചകൾക്ക് ഇന്ത്യ നേതൃത്വം നൽകണമെന്നും അവർ കൂട്ടിച്ചേർത്തു.യുക്രെയ്നിലുള്ള ഇന്ത്യക്കാരെ തിരികെയെത്തിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 28ന് തന്നെ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു.
രക്ഷാദൗത്യത്തിന്‍റെ കാര്യത്തിൽ മുഖ്യമന്ത്രി എന്ന നിലയിലുള്ള തന്‍റെ കടമ നിർവഹിച്ചെന്നും ഇനി കേന്ദ്രസർക്കാരാണ് വിഷയത്തിൽ ഇടപെടേണ്ടതെന്നും മമത പറഞ്ഞു. അതേസമയം വ്യാഴാഴ്ച വാരണാസിയിൽ സമാജ്‌വാദി പാർട്ടിയുടെ അഖിലേഷ് യാദവുമായി ചേർന്ന് മമത ബാനർജി സംയുക്തതെരഞ്ഞെടുപ്പ് റാലി നടത്തുമെന്ന് ടി.എം.സി വൃത്തങ്ങൾ അറിയിച്ചു. ഇരുവർക്കുമൊപ്പം രാഷ്ട്രീയ ലോക്ദൾ തലവനായ ജയന്ത് ചൗധരിയും റാലിയിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാർലമെന്റ് മണ്ഡലമാണ് വാരണാസി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.