ഐസോൾ: മിസോറമിൽ സഖ്യകക്ഷിയായ 'മിസോ നാഷനൽ ഫ്രണ്ടി'നെതിരെ (എം.എൻ.എഫ്) ബി.ജെ.പി. എല്ലാ നിലക്കും സർക്കാർ പരാജയപ്പെട്ടതിനാൽ ഭരണം ഏറ്റെടുക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഘടകം ഗവർണർ ഹരി ബാബു കംഭംപതിയോട് ആവശ്യപ്പെട്ടു. ഭരണഘടനയുടെ 356 ാം വകുപ്പ് പ്രയോഗിക്കണമെന്നാണ് ബി.ജെ.പി ആവശ്യം. എം.എൻ.എഫ് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എൻ.ഡി.എ) ഭാഗമാണ്. ഇവർ ദേശീയതലത്തിൽ മോദി സർക്കാറിനെ പിന്തുണക്കുന്നുമുണ്ട്. മിസോറമിലെ ജനങ്ങളുടെ താൽപര്യം മുൻനിർത്തി ഗവർണർ ഇടപെടണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി സൊറംതംഗയുടെ നേതൃത്വത്തിലുള്ള സർക്കാർ അടിമുടി അഴിമതിയിൽ കുളിച്ചിരിക്കുകയാണ്. സംസ്ഥാനം കണ്ട ഏറ്റവും അഴിമതി നിറഞ്ഞ ഭരണമാണ് ഇപ്പോൾ നടക്കുന്നത്. വിവിധ വികസനപ്രവർത്തനങ്ങൾ നടത്തുന്നത് മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ബിനാമികളാണ്. മുഖ്യമന്ത്രിയും വൻതോതിൽ കണക്കിൽപെടാത്ത ആസ്തിയുണ്ടാക്കി -ബി.ജെ.പി ആരോപിച്ചു. മിസോറമിൽ ഒരു എം.എൽ.എ മാത്രമുള്ള ബി.ജെ.പിക്ക് ഭരണം അട്ടിമറിക്കാൻ ഒന്നും ചെയ്യാനാകില്ല. എന്നാൽ, സ്വാധീനം വർധിപ്പിക്കുകയും വേണം. അതിനായി, പലവിധത്തിൽ സഖ്യത്തിലുള്ള കക്ഷികളുമായിപ്പോലും അവർ കൊമ്പുകോർക്കുകയാണ്. ഇത് പലയിടത്തും പ്രകടമാണ്.
മണിപ്പൂരിൽ 'നാഗാ പീപ്ൾസ് ഫ്രണ്ടും' എൻ.പി.പിയുമായി ബി.ജെ.പി ഉടക്കിലാണ്. അടുത്ത വർഷം നവംബർ-ഡിസംബറിൽ മധ്യപ്രദേശ്, ഛത്തിസ്ഗഢ്, രാജസ്ഥാൻ സംസ്ഥാനങ്ങൾക്കൊപ്പം മിസോറമിലും തെരഞ്ഞെടുപ്പ് നടക്കും. അതിൽ പ്രതിപക്ഷമാകാൻ പറ്റുമോ എന്നാണ് ബി.ജെ.പി നോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.