പ്രവാചകനെതിരെ പ്രകോപനകരമായ ട്വിറ്റർ പോസ്റ്റ്; കാൺപൂരിൽ ബി.ജെ.പി നേതാവ് അറസ്റ്റിൽ

ലഖ്നോ: പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ച് ട്വിറ്ററിൽ പ്രകോപനപരമായ പോസ്റ്റ് ഷെയർ ചെയ്തതിന് ബി.ജെ.പി നേതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബി.ജെ.പിയുടെ യുവജന വിഭാഗം തലവൻ ഹർഷിത് ശ്രീവാസ്തവയെയാണ് കേണൽഗഞ്ച് പൊലീസ് പിടികൂടിയത്. ജോയിന്റ് പൊലീസ് കമീഷ്ണർ ആനന്ദ് പ്രകാശ് തിവാരി അറസ്റ്റ് സ്ഥിരീകരിച്ചു. ആക്ഷേപകരമായ പോസ്റ്റുകളിലൂടെ അന്തരീക്ഷം നശിപ്പിക്കാൻ ശ്രീവാസ്തവ ശ്രമിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മതവികാരം വ്രണപ്പെടുത്താൻ ശ്രമിക്കുന്നവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് വിജയ് മീണ വ്യക്തമാക്കി. ബി.ജെ.പി നേതാവ് നൂപുർ ശർമ നടത്തിയ പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നഗരത്തിൽ അക്രമ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടതിന് ദിവസങ്ങൾക്ക് ശേഷമാണ് ശ്രീവാസ്തവയുടെ അറസ്റ്റ്.

ബി.ജെ.പി ദേശീയ വക്താവ് നുപൂർ ശർമയുടെ പ്രവാചക വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് കടകൾ അടച്ചിടുന്നതിനെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ ജൂൺ മൂന്നിന് സംഘർഷമുണ്ടായിരുന്നു. അക്രമത്തിൽ ഉൾപ്പെട്ട 40 പേരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്റർ കാൺപൂർ പൊലീസ് തിങ്കളാഴ്ച പുറത്തുവിട്ടിരുന്നു. സി.സി.ടി.വിയിലും മൊബൈൽ ഫോണുകളിലും പതിഞ്ഞ ദൃശ്യങ്ങൾ ഉൾപ്പെടെ നിരവധി പ്രതികളുടെ ചിത്രങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 10 ​​പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

പൊലീസ് പതിച്ച പോസ്റ്ററുകളിൽ തന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതിനെത്തുടർന്ന് 16 വയസ്സുള്ള ആൺകുട്ടി കേണൽഗഞ്ച് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, പ്രവാചക വിരുദ്ധ പരാമർശങ്ങളുടെ പേരിൽ നുപൂർ ശർമ്മയെ ബി.ജെ.പി ഞായറാഴ്ച സസ്പെൻഡ് ചെയ്യുകയും ഡൽഹി യൂണിറ്റ് മീഡിയ ഹെഡ് നവീൻ ജിൻഡാലിനെ പുറത്താക്കുകയും ചെയ്തിരുന്നു. ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദക്കെതിരെ 16 രാജ്യങ്ങൾ രംഗത്ത് വന്നതോടെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധം ശക്തമാവുകയാണ്.

Tags:    
News Summary - BJP leader arrested in UP over inflammatory post on Prophet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.