ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധിക്ഷേപിക്കുന്നതിന് കോൺഗ്രസിെൻറ നേതൃത്വത്തിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നുവെന്നും ടൂൾകിറ്റ് തയാറാക്കിയത് കോൺഗ്രസ് ഗവേഷണ വിഭാഗമാണെന്നും ബി.ജെ.പി. കോൺഗ്രസ് ഗവേഷണ വിഭാഗത്തിലെ സൗമ്യ വർമയാണ് ടൂൾകിറ്റ് തയാറാക്കിയതെന്നും ബി.ജെ.പി നേതാവ് സംപിത് പത്ര ആരോപിച്ചു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും സെൻട്രൽ വിസ്തയുടെയും പേരിൽ മോദിയെ വിമർശിക്കുന്നതിന് കോൺഗ്രസ് ടൂൾകിറ്റ് ഉപയോഗിക്കുന്നുവെന്ന് പത്ര ട്വീറ്റ് ചെയ്തിരുന്നു. കോൺഗ്രസ് ഗവേഷണ വിഭാഗം പുറത്തിറക്കിയ രേഖകളാണെന്ന് വ്യക്തമാക്കി സംപിത് പത്ര രേഖകൾ പുറത്തുവിടുകയായിരുന്നു. മോദിയെ അപകീർത്തിപ്പെടുത്താനുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ടൂൾ കിറ്റെന്നായിരുന്നു വിമർശനം. മഹാമാരിയുടെ സമയത്ത് അവസരം മുതലെടുത്ത് മോദിയുടെ പ്രതിച്ഛായ തകർക്കലാണ് രാഹുൽ ഗാന്ധിയുടെ ആവശ്യമെന്നായിരുന്നു ട്വീറ്റ്. കോവിഡിെൻറ വകഭേദത്തെ മോദിയെന്ന് വിളിക്കാൻ പാർട്ടി പ്രവർത്തകർക്ക് നിർദേശം നൽകിയതായും പത്ര ആരോപിച്ചു.
എന്നാൽ, പത്ര പുറത്തുവിട്ട പേര് യഥാർഥ രേഖ തയാറാക്കിയ വ്യക്തിയുടെയാണെന്നും ബി.ജെ.പി തയാറാക്കിയ വ്യാജ രേഖകളുടെ ഉടമയും അവരാണെന്ന് വരുത്തിതീർക്കുകയാണെന്നും കോൺഗ്രസ് പറഞ്ഞു. സെൻട്രൽ വിസ്തയുടെ രേഖകൾ യഥാർഥമാണ്. എന്നാൽ ബി.ജെ.പി ഇതിനെ കോവിഡുമായി ബന്ധപ്പെടുത്തി കോൺഗ്രസിനെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.
'സെൻട്രൽ വിസ്തയുടെ പേരിൽ ഗവേഷണ വിഭാഗം പ്രബന്ധം തയാറാക്കിയിരുന്നു. എന്നാൽ കോവിഡ് 19 ടൂൾകിറ്റ് വ്യാജമാണെന്നും ബി.ജെ.പി തയാറാക്കിയതാണെന്നും ചൊവ്വാഴ്ച ട്വീറ്റ് ചെയ്തിരുന്നു. പത്ര യഥാർഥ രേഖകളുടെ സൃഷ്ടാവിനെ ചൂണ്ടിക്കാട്ടി വ്യാജ രേഖകൾ തയാറാക്കിയ വ്യക്തിയാണെന്ന് ആരോപിക്കുകയാണ്' -കോൺഗ്രസ് ഗവേഷണ വിഭാഗം തലവൻ രാജീവ് ഗൗഡ പറഞ്ഞു.
കോൺഗ്രസ് ഗവേഷണ വിഭാഗത്തിെൻറ ഭാഗമാണ് സൗമ്യ വർമയെന്നും എന്നാൽ പാർട്ടി പ്രവർത്തകയല്ലെന്നും കോൺഗ്രസ് നേതാവ് പ്രതികരിച്ചു. കോൺഗ്രസിന് വേണ്ടി ജോലിയെടുക്കുന്ന അനേകം പ്രഫഷനലുകളിൽ ഒരാളാണ് സൗമ്യ. സൗമ്യക്ക് പാർട്ടി മാസശമ്പളം നൽകിവരുന്നുണ്ട്. 2019ന് ശേഷം കോൺഗ്രസിെൻറ മറ്റു വിഭാഗങ്ങളെ പോലെ ഗവേഷണ വിഭാഗത്തെയും വെട്ടിച്ചുരുക്കി. നിലവിൽ വർമയും കുറച്ചുപേരും മാത്രമാണ് ഗവേഷണ വിഭാഗത്തിലുള്ളത്' -കോൺഗ്രസ് നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.