ഭോപാൽ/ചണ്ഡിഗഢ്: മധ്യപ്രദേശിൽ നിയമസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി മന്ത്രിക്ക് തോൽവി. വിജയ്പൂർ സീറ്റിലാണ് മുൻ കോൺഗ്രസ് നേതാവും വനം മന്ത്രിയുമായ റാംനിവാസ് റാവത്ത് തോറ്റത്. കോൺഗ്രസിന്റെ മുകേഷ് മൽഹോത്രയാണ് 7364 വോട്ടിന് റാംനിവാസിനെ തറപറ്റിച്ചത്.
കഴിഞ്ഞവർഷം കോൺഗ്രസ് ടിക്കറ്റിൽ ജയിച്ച റാംനിവാസ് പിന്നീട് ബി.ജെ.പിയിൽ ചേർന്ന് മന്ത്രിസഭയിലെത്തുകയായിരുന്നു. 1990, 93, 2003, 2008, 2013, 2023 വർഷങ്ങളിൽ കോൺഗ്രസ് സ്ഥാനാർഥിയായി ജയിച്ചുകയറിയ നേതാവാണ് റാംനിവാസ്. ബുധിനി സീറ്റിൽ ബി.ജെ.പിയുടെ രമാകാന്ത് ഭാർഗവയും ജയിച്ചു. മുൻ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ലോക്സഭയിലേക്ക് ജയിച്ചതോടെയാണ് ബുധിനിയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
പഞ്ചാബ് നിയമസഭ ഉപതെരഞ്ഞെടുപ്പിൽ മൂന്നു മണ്ഡലങ്ങളിൽ ആം ആദ്മി പാർട്ടിക്ക് (ആപ്) ജയം. ചബ്ബേവാൾ, ഗിദ്ദെർബഹ, ദേരാ ബാബ നാനാക്ക് എന്നിവിടങ്ങളിലാണ് ആപ് ജയിച്ചത്. ഒരിടത്ത് കോൺഗ്രസ് ജയിച്ചു. ബർണാല സെഗ്മെന്റിലാണ് കോൺഗ്രസിന് ജയം. ചബ്ബേവാളിൽ ആപ്പിന്റെ ഇഷാങ്ക് കുമാർ കോൺഗ്രസിലെ രഞ്ജിത് കുമാറിനെ 21,081 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്.
ഗിദ്ദർബാഹയിൽ ആം ആദ്മി പാർട്ടിയുടെ ഹർദീപ് സിങ് ഡിംപി ധില്ലൻ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിങ് രാജ വാറിങ്ങിന്റെ ഭാര്യ അമൃതയെയാണ് പരാജയപ്പെടുത്തിയത്. ബി.ജെ.പി സ്ഥാനാർഥിയും പഞ്ചാബ് മുൻ ധനമന്ത്രിയുമായ മൻപ്രീത് സിങ് ബാദൽ മൂന്നാം സ്ഥാനത്തായി. ബർണാലയിൽ കോൺഗ്രസിന്റെ കുൽദീപ് സിങ് ധില്ലൻ ബി.ജെ.പി സ്ഥാനാർഥിയെയാണ് പരാജയപ്പെടുത്തിയത്.
കോൺഗ്രസും ആപ്പും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടത്തിനാണ് ദേരാ ബാബ നാനാക്ക് സാക്ഷ്യം വഹിച്ചത്. കോൺഗ്രസിലെ ജതീന്ദർ കൗർ രൺധാവയെ ആപിലെ ഗുർദീപ് സിങ് രൺധാവയാണ് പരാജയപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.