ബംഗളൂരു: കർണാടകയിൽ തെരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ പാർട്ടികൾ തമ്മിൽ വാക്പോരും മുറുകുന്നു. കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധിയെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ വിഷകന്യക എന്നും പാക്, ചൈനീസ് ഏജന്‍റ് എന്നും ആക്ഷേപിച്ച് ബി.ജെ.പി എം.എൽ.എ ബസനഗൗഡ യന്തൽ രംഗത്തെത്തിയതോടെ വിവാദം രൂക്ഷമായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഗാർഖെ വിഷപാമ്പിനോട് ഉപമിച്ചതാണ് പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയത്.
ലോകം മൊത്തം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അംഗീകരിക്കുന്നു. അമേരിക്ക ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുകയും അദ്ദേഹം ലോക നേതാവ് എന്ന പദവി നേടുകയും ചെയ്തു. എന്നാൽ കോൺഗ്രസ് അദ്ദേഹത്തെ കോബ്രയോട് ഉപമിക്കുകയും വിഷം പുരണ്ടതാണെന്ന് പറയുകയും ചെയ്യുന്നു. സോണിയാ ഗാന്ധിയുടെ ഉത്തരവിന് അനുസരിച്ച് നൃത്തംവെക്കുന്ന നേതാക്കളാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തുന്നത്. അവർ വിശകന്യകയാണ്. ഇന്ത്യയെ തകർത്ത ചൈനയുടെയും പാകിസ്താന്‍റെയും ഏജന്റാണ് അവർ" എം.എൽ.എ പറഞ്ഞു.
ഇതിനെതിരേ കോൺഗ്രസ് നേതാക്കൾ ശക്തമായി രംഗത്തെത്തി. ബസനഗൗഡയെ പാർട്ടിയിൽ നിന്ന് പുറത്താക്കാൻ ബി.ജെ.പി തയാറാവണമെന്നും അവർ ആവശ്യപ്പെട്ടു. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കോൺഗ്രസ് അധ്യക്ഷൻ മല്ലിഗാർജുൻ ഗാർഖെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിഷപ്പാമ്പിനോട് ഉപമിച്ചത് വിവാദമായിരുന്നു. എന്നാൽ മോദിയെ അല്ല, ബി.ജെ.പി ആശയത്തെ ആണ് താൻ ഉദ്ദേശിച്ചതെന്ന് ഗാർഖെ വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.