ഭോപാൽ: വ്യാഴാഴ്ച മധ്യപ്രദേശിൽ ആദിവാസിക്ക് നേരെ വെടിയുതിർത്ത ബി.ജെ.പി എം.എൽ.എയുടെ മകൻ ഒളിവിൽ. മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ശിവരാജ് സിങ് ചൗഹാൻ ഭരിക്കുന്ന സംസ്ഥാനത്ത് തുടർച്ചയായി കുറ്റകൃത്യങ്ങൾ നടക്കുന്നതിന് എതിരെ പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്.
ആദിവാസികൾ, ദലിതർ തുടങ്ങിയ വിഭാഗങ്ങളിലെ ആളുകളെ ഉപദ്രവിക്കുക എന്നത് മാത്രമായോ ബി.ജെ.പി നേതാക്കളുടെ ജോലിയെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ചോദിച്ചു.
ബി.ജെ.പി സിങ്ഗ്രൗലി എം.എൽ.എ രാം ലല്ലു വൈശ്യയുടെ മകൻ വിവേകാനന്ദ് വൈശ്യയാണ് 34 കാരനായ സൂര്യ കുമാർ ഖൈർവാറിന് നേരെ വ്യാഴാഴ്ച വൈകീട്ട് വെടിയുതിർത്തത്. കൊലപാതകശ്രമത്തിനും പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമത്തിലെയും ആയുധ നിയമത്തിലെയും വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ എഫ്.ഐ.ആർ ഫയൽ ചെയ്തിട്ടുണ്ട്.
സിങ്‌ഗ്രൗലി ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ തന്റെ കാറിൽ സഞ്ചരിക്കുകയായിരുന്ന വൈശ്യ റോഡിൽ നിൽക്കുന്ന ഒരു സംഘം ആളുകളുമായി വാക്കേറ്റമുണ്ടായതായി പൊലീസ് പറഞ്ഞു. ഇത് പരിഹരിക്കാൻ ശ്രമിക്കവെയാണ് ഖൈർവാറലനെതിവെ വൈശ്യ വെടിയുതിർത്തത്.
കൈപ്പത്തിയിൽ വെടിയേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ നില മെച്ചപ്പെട്ടതായും പൊലീസ് അറിയിച്ചു.
വൈശ്യയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യമായല്ല വൈശ്യ ഇത്തരം കുറ്റകൃത്യം നടത്തുന്നത്. കഴിഞ്ഞ വർഷം ഫോറസ്റ്റ് ഗാർഡുകളെ മർദിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. ആ കേസിൽ ജാമ്യത്തിലാണ്. എം.എൽ.എ രാം ലല്ലു വൈശ്യ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.