ബംഗളൂരു: രാജ്യത്തെ മുസ്ലിംകളെയും ക്രിസ്ത്യാനികളെയും ഹിന്ദുമതത്തിലേക്ക് തിരികെ കൊണ്ടുവരണമെന്നും അതിനായി മഠങ്ങളും ക്ഷേത്രങ്ങളും സൗകര്യമൊരുക്കണമെന്നുമുള്ള വിവാദ പരാമർശം പിൻവലിച്ച് ബി.ജെ.പി യുവമോർച്ച ദേശീയ അധ്യക്ഷനും ബംഗളൂരു സൗത്ത് എം.പിയുമായ തേജസ്വി സൂര്യ. പരാമർശത്തിനെതിരെ രൂക്ഷ വിമർശനമുയർന്നതോടെ, നിരുപാധികം പ്രസ്താവന പിൻവലിക്കുന്നതായി തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
ഉഡുപ്പി ശ്രീകൃഷ്ണ മഠത്തിൽ ശനിയാഴ്ച 'ഭാരതത്തിൽ ഹിന്ദുവിെൻറ ഉണർവ്' എന്നവിഷയത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് യുവ എം.പിയുടെ പ്രസ്താവന. 'കമ്യൂണിസം, മെക്കയിസം, കൊളോണിയലിസം തുടങ്ങിയ ആശയങ്ങൾ സനാതന ധർമത്തെ നശിപ്പിക്കുകയാണെന്നും ശത്രുവിനെ തിരിച്ചറിയാനായില്ലെങ്കിൽ പ്രതിരോധമുയർത്താൻ കഴിയില്ലെന്നും പ്രസ്താവന നടത്തിയ എം.പി, ഹിന്ദുക്കളിൽനിന്ന് വിട്ടുപോയവരെ മടക്കിക്കൊണ്ടുവരുക എന്നതുമാത്രമാണ് ഏക പരിഹാരമെന്നും ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, കേന്ദ്ര നേതൃത്വത്തിന്റെ നിർദേശത്തെ തുടർന്നാണ് തേജസ്വി സൂര്യ പ്രസ്താവന പിൻവലിച്ചതെന്നാണ് വിവരം. ഗോവ നിയമസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ, ഗോവയിലെ പ്രധാന വോട്ടുബാങ്കായ ക്രിസ്ത്യൻ സമുദായത്തെ പിണക്കുന്നത് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് നേതൃത്വം ഇടപെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.