പനാജിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പിയുമായി ഇടഞ്ഞ് അന്തരിച്ച ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. പിതാവ് മനോഹർ പരീക്കർ മത്സരിച്ചിരുന്ന പനാജി സീറ്റ് തനിക്ക് നൽകണമെന്നായിരുന്നു ഉത്പൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് വിട്ടുവന്ന അറ്റാന്‍സിയോ 'ബാബുഷ്' മോന്‍സറേട്ടാണ് പനാജിയിയില്‍ നിന്നും പട്ടികയിലുള്ളത്.
പനാജിക്ക് പകരം മറ്റു രണ്ട് സീറ്റുകൾ നേതൃത്വം വാഗ്ദാനം ചെയ്‌തെങ്കിലും ഉത്പൽ നിരസിക്കുകയായിരുന്നു. 'മറ്റു രണ്ട് മണ്ഡലങ്ങളിൽ ഏതെങ്കിലും നൽകാമെന്ന് ഉത്പലിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് കരുതുന്നത്. പരീക്കർ കുടുംബത്തോട് ഞങ്ങൾക്ക് എന്നും ബഹുമാനമുണ്ട്'-ഗോവയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം, ഉത്പൽ പരീക്കർ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും സൂചനകളുണ്ട്. ഉത്പലിന് പനാജി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെ അരവിന്ദ് കെജരിവാൾ അദ്ദേഹത്തിന് െഎകദാർഡ്യവുമായി ട്വീറ്റ് ചെയ്തിരുന്നു. 'ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്ന നയമാണ് പരീക്കർ കുടുംബത്തോട് പോലും ബി.ജെ.പി കാണിക്കുന്നത് എന്നത് ഗോവക്കാരെ സംബന്ധിച്ചടുത്തോളം ദുഃഖകരമാണ്. മനോഹർ പരീക്കറെ ഞാൻ എപ്പോഴും ബഹുമാനിച്ചിരുന്നു. എ.എ.പി സ്ഥാനാർഥിയായി മത്സരിക്കാൻ ഉത്പലിനെ ഞാൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു'- ഇതായിരുന്നു കെജരിവാളിെൻറ ട്വീറ്റ്.
ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന മനോഹർ പരീക്കർ മൂന്നു തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. മുഖ്യമന്ത്രി പദവിയിലിരിക്കെ 2019 ലാണ് അദ്ദേഹം മരിച്ചത്. 25 വർഷത്തോളം പരീക്കർ മത്സരിച്ച മണ്ഡലമാണ് പനാജി.
മുന്‍ കോണ്‍ഗ്രസ് നേതാവും, മനോഹര്‍ പരീക്കറിെൻറ രാഷ്ട്രീയ എതിരാളിയുമായിരുന്ന മോന്‍സറേട്ടിനെയാണ് ബി.ജെ.പി പനാജിയിലേക്ക് പരിഗണിച്ചിരിക്കുന്നത്. മകനായ തന്നെ തഴയുകയും പിതാവിെൻറ എതിരാളിക്ക് തന്നെ പരീക്കര്‍ കുടുംബത്തിെൻറ പരമ്പരാഗത മണ്ഡലം നല്‍കുകയും ചെയ്തുവെന്ന അമർഷം ഉത്പല്‍ പരീക്കറിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.