പട്ന: രാഹുൽ ഗാന്ധിയെ റിയൽ ലൈഫ് ദേവദാസ് എന്ന് പരിഹസിച്ച് ബി.ജെ.പി. ബിഹാറിലെ പട്നയിൽ നടക്കാനിരിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിന് മുന്നോടിയായാണ് സംസ്ഥാന ബി.ജെ.പി ഓഫിസിന്‍റെ ചുമരുകളിൽ രാഹുൽ ഗാന്ധിയെ പരിഹസിച്ചുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
ഷാറൂഖ് ഖാന്‍ റീൽ ലൈഫ് ദേവദാസും രാഹുൽ ഗാന്ധി റിയൽ ലൈഫ് ദേവദാസ് ആണെന്നുമാണ് പോസ്റ്ററിൽ കുറിച്ചിരിക്കുന്നത്. കോൺഗ്രസിനോടും രാഹുൽ ഗാന്ധിയോടും രാഷ്ട്രീയത്തിൽനിന്ന് പിന്മാറാന്‍ എല്ലാവരും ഒരുപോലെ പറയുന്ന കാലം വിദൂരമല്ലെന്നും പോസ്റ്ററിലുണ്ട്.
'ബംഗാൾ വിടാൻ മമത ദീദിയും ഡൽഹിയും പഞ്ചാബും വിട്ടുപോകാൻ കെജ്രിവാളും ആവശ്യപ്പെട്ടു. ലാലുവും നിതീഷും ബിഹാർ വിട്ടുപോകാനും ഉത്തർപ്രദേശ് വിടാൻ അഖിലേഷും പറഞ്ഞു. സ്റ്റാലിൻ തമിഴ്നാട് വിടാൻ പറഞ്ഞു.... എല്ലാവരും കോൺഗ്രസിനോടും രാഹുലിനോടും രാഷ്ട്രീയം വിടാൻ ആവശ്യപ്പെടുന്ന ദിവസം വിദൂരമല്ല' -പോസ്റ്ററിൽ കുറിച്ചിരിക്കുന്നതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
കോൺഗ്രസ് അധ്യക്ഷന്‍ മല്ലികാർജുന്‍ ഖാർഗെയും രാഹുൽ ഗാന്ധിയും യോഗത്തിൽ പങ്കെടുക്കാനായി ബിഹാറിലെത്തിയിട്ടുണ്ട്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ അധ്യക്ഷതയിലാണ് യോഗം നടക്കുന്നത്. ബി.ജെ.പിയെ അധികാരത്തിൽ നിന്നും പുറത്താക്കുകയെന്നതാണ് പ്രതിപക്ഷ പാർട്ടികളുടെ അജണ്ടയെന്നും ഇത് നടപ്പാക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്നും ഖാർഗെ പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് മെഹ്ബൂബ മുഫ്തി എന്നിവരും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
യോഗത്തിന് നേതൃത്വം നൽകിയ പ്രതിപക്ഷ പാർട്ടികളെ പരിഹസിച്ച് ബി.ജെ.പി നേരത്തെ രംഗത്തെത്തിയിരുന്നു. 2024 തെരഞ്ഞെടുപ്പിനായി പട്നയിൽ നിതീഷ് കുമാർ വിവാഹ ഘോഷയാത്രക്കൊരുങ്ങുകയാണെന്നും പക്ഷേ, വരന്‍ (പ്രധാനമന്ത്രി സ്ഥാനാർഥി) ആരാകുമെന്ന് സംബന്ധിച്ച് തർക്കങ്ങൾ തുടരുകയാണെന്നും കഴിഞ്ഞ ദിവസം ബി.ജെ.പി നേതാവ് രവി ശങ്കർ പ്രസാദ് പറഞ്ഞിരുന്നു. പ്രതിപക്ഷ പാർട്ടികളിൽ എല്ലാവരും സ്വയം താൻ പ്രധാനമന്ത്രി സ്ഥാനാർത്ഥിയാണെന്ന് സങ്കൽപ്പിച്ച് നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.