ചെന്നൈ: പുതുച്ചേരി നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബി.ജെ.പി ആധാർ വിവരങ്ങൾ ചോർത്തുന്നതായി ആരോപണം. വ്യക്തിവിവരങ്ങൾ ചോർത്തുകയും വാട്സ്ആപ് നമ്പർ ശേഖരിച്ച് പ്രചാരണ സന്ദേശങ്ങൾ അയക്കുന്നതായും മദ്രാസ് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മദ്രാസ് ഹൈകോടതി തെരഞ്ഞെടുപ്പ് കമീഷന് നിർദേശം നൽകി. ഇത് ഗുരുതര കുറ്റമാണെന്നും തെരഞ്ഞെടുപ്പ് കമീഷന് അന്വേഷണം സൈബർ സെല്ലിന് കൈമാറി ഒഴിയാൻ സാധിക്കില്ലെന്നും കോടതി കൂട്ടിച്ചേർത്തു.
പുതുച്ചേരി ഡി.വൈ.എഫ്.ഐ യൂനിറ്റ് പ്രസിഡന്‍റ് ആനന്ദാണ് മദ്രാസ് ഹൈകോടതിയിൽ ഹരജി നൽകിയത്. പ്രാദേശിക ബി.ജെ.പി നേതാക്കൾ ആധാറിൽനിന്ന് ഫോൺ നമ്പർ ശേഖരിക്കുകയും പിന്നീട് ഓരോ മണ്ഡലങ്ങളിലും ബൂത്ത് ലെവൽ വാട്സ്ആപ് ഗ്രൂപ്പുകൾ നിർമിച്ചതായും ഹരജിയിൽ പറയുന്നു. നിരവധി വാട്സ്ആപ് ഗ്രൂപ്പുകളാണ് ഇത്തരത്തിൽ നിർമിച്ചിരിക്കുന്നത്. ബൂത്ത് അടിസ്ഥാനത്തിലെ വോട്ടർമാരെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതിലൂടെ നിയമസഭ മണ്ഡലങ്ങളുടെ സന്ദേശങ്ങളും പ്രചാരണങ്ങളും പങ്കുവെക്കുമെന്നും പരാതിക്കാരൻ പറയുന്നു.
വാട്സ്ആപ് ഗ്രൂപ്പുകളുടെ അഡ്മിനുമായി ബന്ധെപ്പടാൻ ശ്രമിച്ചുവെന്നും അപ്പോൾ ബി.ജെ.പി പുതുേച്ചരി യൂനിറ്റിന്‍റെ കീഴിൽ മാത്രം വോട്ടർമാരെ ഉൾപ്പെടുത്തി 953 വാട്സ്ആപ് ഗ്രൂപ്പുകളുണ്ടെന്ന ഞെട്ടിക്കുന്ന വിവരം ലഭിച്ചതായും പരാതിയിൽ പറയുന്നു.
വാട്സ്ആപ് കൂടാതെ ബി.ജെ.പി നേതാക്കൾ വോട്ടർമാരെ ഫോൺ വിളിച്ചതായും പരാതിയിൽ പറയുന്നു. പേര്, വോട്ടിങ് ബൂത്ത്, മണ്ഡലം തുടങ്ങിയ വിവരങ്ങൾ ഇത്തരത്തിൽ ഫോൺ വിളിച്ച് ആരാഞ്ഞതായും പരാതിയിലുണ്ട്.
സംഭവം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ബി.ജെ.പി സ്ഥാനാർഥികൾ ഇത്തരത്തിൽ വോട്ട് അഭ്യർഥിക്കുന്നത് തടയണമെന്നുമാണ് പരാതിക്കാരന്‍റെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.