ലഖ്നോ: ഉത്തർപ്രദേശ് നഗരസഭാ തെരഞ്ഞെടുപ്പിന് വോട്ടിങ് യന്ത്രങ്ങൾ ഉപയോഗിച്ചില്ലായിരുന്നുവെങ്കിൽ ബി.ജെ.പി തോൽക്കുമായിരുന്നുവെന്ന് ബി.എസ്.പി നേതാവ് മായാവതി. ബി.ജെ.പിക്ക് സത്യസന്ധതയും ജനാധിപത്യത്തിൽ വിശ്വാസവുമുണ്ടെങ്കിൽ വോട്ടിങ് മെഷീനുകൾ ഉപേക്ഷിച്ച് ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പു നടത്താനുള്ള ആർജവം കാണിക്കണമെന്നും മായാവതി വെല്ലുവിളിച്ചു.
‘‘2019ൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണല്ലോ. ജനങ്ങൾ ഒപ്പമുണ്ടെന്ന് ബി.ജെ.പി കരുതുന്നുണ്ടെങ്കിൽ ബാലറ്റ് പേപ്പറിൽ വോട്ടെടുപ്പ് നടത്താൻ തയാറാകെട്ട. ബാലറ്റ് പേപ്പർ ഉപയോഗിച്ചാൽ ബി.ജെ.പി അധികാരത്തിലെത്തില്ലെന്ന് ഉറപ്പു നൽകുന്നു’’– മായാവതി ലഖ്നോവിൽ മാധ്യപ്രവർത്തകരോടു പറഞ്ഞു.
അതേസമയം, വോട്ടിങ് യന്ത്രത്തിൽ കൃത്രിമം കാട്ടിയാണ് ബി.ജെ.പി ജയിച്ചതെന്ന മായാവതിയുടെ ആരോപണത്തെ ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ദിനേശ് ശർമ നിഷേധിച്ചു. ‘‘വോട്ടിങ് യന്ത്രങ്ങൾക്ക് ഒരു തകരാറുമുണ്ടായിരുന്നില്ല. പ്രശ്നം അവരുടെ മനസ്സിലും പാർട്ടിയിലുമാണ്. ഒരു പ്രത്യേക വിഭാഗത്തിനു വേണ്ടി പ്രവർത്തിക്കുന്ന അവരെ ജനങ്ങൾ തള്ളിക്കളയുകയായിരുന്നു. ജാതി, മത, വിശ്വാസങ്ങൾക്കതീതമായി പ്രവർത്തിക്കുന്ന പാർട്ടിയാണ് ബി.ജെ.പി. സ്വാഭാവികമായും ജനങ്ങൾ പാർട്ടിയെ സ്വീകരിച്ചു – ദിനേശ് ശർമ്മ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം നടന്ന നഗരസഭാ വോെട്ടടുപ്പിൽ രണ്ടു സീറ്റുകൾ നേടി മായാവതിയുടെ ബി.എസ്.പി രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
വോട്ടിങ് യന്ത്രങ്ങളിൽ കൃത്രിമം കാട്ടിയാണു ബി.ജെ.പി തെരഞ്ഞെടുപ്പു ജയിക്കുന്നതെന്ന ആരോപണം ഉയർത്തിയത് മായാവതിയാണ്. പിന്നീട് ഇതേ ആരോപണം ആം ആദ്മി പാർട്ടിയും മറ്റു പ്രതിപക്ഷ പാർട്ടികളും ഏറ്റെടുക്കുകയായിരുന്നു.
അതേ സമയം സമാജ്വാദി പാർട്ടി ലീഡർ അഖിലേഷ് യാദവും ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകളുടെ ആധികാരികത ചോദ്യ ചെയ്ത് രംഗത്തെത്തി. ട്വിറ്ററിലാണ് അഖിലേഷ് ബി.ജെ.പിക്കെതിരെ ശക്തമായ ആരോപണം ഉന്നയിച്ചത്.
ബാലറ്റ് പേപറുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ 15 ശതമാനം സീറ്റുകളിൽ മാത്രം വിജയിച്ച ബി.ജെ.പിക്ക്, ഇലക്ട്രോണിക് വോട്ടിങ്ങ് മെഷീനുകൾ ഉപയോഗിച്ച ഇടങ്ങളിൽ 46 ശതമാനം വിജയമുണ്ടായതായി അഖിലേഷ് ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.