ന്യൂഡൽഹി: ബി.ജെ.പി അധികാരത്തിലെത്തിയതോടെ രാജ്യത്ത് ദലിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ ആക്രമണങ്ങൾ ഉയരുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. യുവാവിന്‍റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം ഗോത്രവർഗക്കാരോടുള്ള ബി.ജെ.പിയുടെ സമീപനമാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ആദിവാസി സഹോദരങ്ങളോടുള്ള അതിക്രമങ്ങൾ ബി.ജെ.പി ഭരണത്തിൽ ക്രമാതീതമായി വർധിക്കുകയാണ്. മധ്യപ്രദേശിലെ ബി.ജെ.പി നേതാവിന്‍റെ മനുഷ്യത്തരഹിതമായ പ്രവർത്തിയിലൂടെ മനുഷ്യരാശിയാകെ ലജ്ജിച്ച് തലതാഴ്ത്തുകയാണ്. ഇത് ഗോത്രവർഗക്കാരോടും ദലിതരോടുമുള്ള ബി.ജെ.പിയുടെ അറപ്പുളവാക്കുന്ന ശരിയായ മുഖമാണ്" - രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞ ദിവസം മധ്യപ്രദേശിൽ ആദിവാസി യുവാവിന്‍റെ മുഖത്ത് ബി.ജെ.പി നേതാവ് മൂത്രമൊഴിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോക്കെതിരെ രൂക്ഷ വിമർശനങ്ങൾ ഉയർന്നതോടെ മുഖ്യമന്ത്രി ശിവരാജഡ് ചൗഹാൻ പ്രതിയായ പ്രവേശ് ശുക്ലയെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് നിർദേശിച്ചിരുന്നു. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ ബുധനാഴ്ച പുലർച്ചെ ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിക്കെതിരെ ദേശീയ സുരക്ഷ നിയമം, എസ്.സി.എസ്.ടി നിയമം എന്നിവയിലെ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്.
മധ്യപ്രദേശിലെ സിധി ജില്ലയിലായിരുന്നു സംഭവം. ബി.ജെ.പി എം.എൽ.എ കേദാർനാഥ് ശുക്ലയുടെ അടുത്ത സഹായിയായ പർവേശ് ശുക്ല സിഗരറ്റ് വലിച്ചുകൊണ്ട് തെരുവിലിരിക്കുന്ന ഗോത്രവർഗക്കാരന്റെ തലയിലും മുഖത്തും മൂത്രമൊഴിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേർ ഇയാൾക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.