സിഖുകാരെയും മുസ്‍ലിംകളെയും തമ്മിലടിപ്പിക്കാൻ ബി.ജെ.പിയുടെ പുതിയ വിദ്വേഷ വിഡിയോ; കനത്ത പ്രതിഷേധം

ന്യൂഡൽഹി: ഹിന്ദ​ു -മുസ്‍ലിം സ്പർധ വളർത്തുന്ന വിഡിയോകൾക്കും വിദ്വേഷ പ്രസംഗങ്ങൾക്കും പിന്നാലെ, മുസ്‍ലിംകൾക്കെതിരെ സിഖ് സമുദായത്തെ ഇളക്കിവിടാൻ ബി.ജെ.പി ശ്രമം. കോൺഗ്രസ് അധികാരത്തിൽ വന്നാൽ സിഖുകാരുടെ സ്വത്തുക്കൾ മുസ്‍ലിംകൾക്ക് നൽകുമെന്ന് ധ്വനിപ്പിക്കുന്ന വിഡിയോ ആണ് പാർട്ടി പുറത്തിറക്കിയത്. ജൂൺ 1ന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിലെ സിഖ് ഭൂരിപക്ഷ വോട്ടിൽ കണ്ണുനട്ടാണ് ഈ വിദ്വേഷപ്രചാരണം.

ബി.ജെ.പിയുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഇന്നലെയാണ് വിവാദ പരസ്യം പ്രസിദ്ധീകരിച്ചത്. ഇതിനെതിരെ കടുത്ത എതിർപ്പും വ്യാപകരോഷവും ഉയരുന്നുണ്ട്. വീട്ടിന് മുന്നിൽ ‘ശൈഖ് ഇർഫാൻ’ എന്നെഴുതിയ നെയിംപ്ലേറ്റ് കാണിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകനായ ഒരാൾ സിഖുകാരന്റെ വീട് ഫോൺ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുന്നതായി കാണിക്കുന്നു. ഇതേക്കുറിച്ച് സിഖുകാരനും ഇയാളും വാക്കേറ്റമുണ്ടാകുകയും സിഖുകാരൻ ചോദ്യം ചെയ്യുകയും ചെയ്യുന്നു.

ഇതിന് മറുപടിയായി, രാഹുൽ ഗാന്ധി അധികാരത്തിൽ വന്നാൽ നിങ്ങളുടെ സ്വത്തുക്കൾ ഞങ്ങൾക്ക് വിഭജിച്ച് തരുമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് വിഡിയോ എടുക്കുന്നയാൾ പറയുന്നു. അപ്പോൾ ഒരുതവണ വിഭജിച്ചതിന്റെ ക്ഷീണം മാറിയിട്ടി​ല്ലെന്ന് സിഖുകാരൻ പ്രതികരിക്കുന്നു. നീതിക്ക് വേണ്ടിയാണ് രാഹുൽ ഈ വിഭജനം നടത്തുന്നത് എന്നാണ് അപ്പോൾ മറ്റെയാളുടെ മറുപടി. അങ്ങനെ​െയങ്കിൽ ‘ഇർഫാൻ മിയ’യുടെ (മുസ്‍ലിം സമുദായത്തി​െൻറ) സ്വത്ത് കൂടി ചിത്രീകരിക്കൂ എന്ന് സിഖുകാരൻ നിർദേശിക്കുന്നു. അത് കോൺഗ്രസ് ചെയ്യില്ലെന്നും മുസ്‍ലിം സമുദായ​ത്തോട് പ്രീണനമാണെന്നും സൂചിപ്പിക്കുന്ന മറുപടിയാണ് ഇതിന് നൽകുന്നത്.

വിദ്വേഷ പ്രസംഗങ്ങളും ഡിജിറ്റൽ പരസ്യങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന ബി.ജെ.പിക്കെതിരെ നിരവധി പരാതികൾ ഇതിനകം തെരഞ്ഞെടുപ്പ് കമീഷന് പലരും നൽകിയിട്ടുണ്ട്. എന്നാൽ, അതിലൊന്നും ഇതുവരെ നടപടി എടുത്തിട്ടില്ല. ഇതിന്റെ തുടർച്ചയായാണ് പുതിയ വിഡിയോയും പാർട്ടി പുറത്തിറക്കിയത്. പഞ്ചാബിൽ സിഖുകാർ ആധിപത്യം പുലർത്തുന്ന 13 മണ്ഡലങ്ങളിലും ജൂൺ 1 നാണ് വോട്ടെടുപ്പ്. ഇത് മുന്നിൽ കണ്ടാണ് സിഖ് ജനതയെ മുസ്‍ലിംകൾക്കെതിരെ തിരിച്ചുവിടാനുള്ള ആസൂത്രിത നീക്കം. ഏറ്റവും കൂടുതൽ സിഖ് ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമായ ഹരിയാനയിലെ 10 ലോക്‌സഭാ സീറ്റുകളിലും വോട്ടെടുപ്പ് നടക്കുന്നുണ്ട്.

കോൺഗ്രസ് അധികാരത്തിലെത്തിയാൽ അമുസ്‌ലിംകളുടെ സ്വത്ത് തട്ടിയെടുത്ത് മുസ്‍ലിംകൾക്കിടയിൽ വിതരണം ചെയ്യുമെന്ന് മോദി ആരോപിച്ചിരുന്നു. ദലിതർ, ആദിവാസികൾ, പിന്നാക്കക്കാർ എന്നിവരുടെ ചെലവിൽ മുസ്‍ലിംകൾക്ക് സംവരണം നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന അദ്ദേഹതതിന്റെ ആരോപണവും വിവാദമായിരുന്നു.

Tags:    
News Summary - BJP’s new ad draws flak for ‘provoking’ Sikhs against Muslims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.