ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ സ്വീകരിച്ചവരിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വിപരീതഫലങ്ങൾ അങ്ങേയറ്റം ചെറുതാണെന്ന് കേന്ദ്ര സർക്കാറിന്‍റെ വിദഗ്ധ സമിതി. വാക്സിന്‍റെ വിപരീത ഫലം സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട സമിതി (നാഷണൽ അഡ്വേഴ്സ് ഇവന്‍റ് ഫോളോവിങ് ഇമ്മ്യൂണൈസേഷൻ കമ്മിറ്റി) സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച നിഗമനങ്ങൾ. വാക്സിന്‍റെ ഗുണഫലവുമായി തട്ടിച്ചു നോക്കുമ്പോൾ രാജ്യത്ത് റിപ്പോർട്ട് ചെയ്ത വിപരീത ഫലങ്ങൾ അങ്ങേയറ്റം കുറവാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവിധ രാജ്യങ്ങളിൽ വാക്സിന്‍റെ പ്രതികൂല ഫലങ്ങൾ റിപ്പോർട്ട് ചെയ്തത് ആശങ്ക ഉയർത്തിയ സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യവകുപ്പ് പ്രത്യേക സമിതിയെ പഠനത്തിന് ചുമതലപ്പെടുത്തിയത്. നേരത്തെ, യു.കെ, കാനഡ, ആസ്ട്രേലിയ, ജർമനി തുടങ്ങി നിരവധി രാജ്യങ്ങൾ ആസ്ട്രസെനേക വാക്സിൻ മുതിർന്ന പൗരന്മാർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. നിരവധി പേരിൽ വാക്സിനേഷന് ശേഷം രക്തം കട്ടപിടിക്കുകയും ചിലയിടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു ഇത്.
ആസ്ട്രസെനേകയുടെ കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കുന്നതിനാൽ ഇവിടെയും ആശങ്കകൾ ഉയർന്നിരുന്നു. എന്നാൽ, ആശങ്ക വേണ്ടെന്ന കണക്കുകളാണ് പഠനം പുറത്തുവിടുന്നത്.
രാജ്യത്ത് വാക്സിനേഷൻ ആരംഭിച്ചത് മുതൽ 23,000 പേരിലാണ് വിപരീതഫലം റിപ്പോർട്ട് ചെയ്തത്. അതേസമയം, ഏപ്രിൽ മൂന്ന് വരെ 7,54,35,381 പേർക്ക് വാക്സിൻ നൽകിയിരുന്നു. ഇതുമായി തട്ടിച്ചുനോക്കുമ്പോൾ വിപരീതഫലം വളരെ നേരിയതാണ്.
23,000 വിപരീത ഫലങ്ങളിൽ 700 എണ്ണം മാത്രമാണ് ഗൗരവകരമായിട്ടുള്ളത്. കോവിഷീൽഡ് വാക്സിൻ എടുത്ത ശേഷം രക്തം കട്ടപിടിക്കുന്നതായ 26 കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം, കൊവാക്സിൻ സ്വീകരിച്ചതിന് ശേഷം രക്തം കട്ടപിടിച്ച സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
10 ലക്ഷത്തിൽ 0.61 പേർക്ക് മാത്രമാണ് ഇന്ത്യയിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ. യു.കെയിൽ ഇത് 10 ലക്ഷത്തിൽ നാല് പേർ എന്ന നിലയിലായിരുന്നു. ജർമനിയിൽ 10 ലക്ഷത്തിൽ 10 പേർക്ക് രക്തം കട്ടപിടിച്ചിരുന്നു.
ഇന്ത്യയിൽ ഏപ്രിൽ 27 വരെ 13.4 കോടി പേർക്ക് കൊവിഷീൽഡ് വാക്സിൻ നൽകിയെന്നും രോഗവ്യാപനവും മരണവും കുറയ്ക്കുന്നതിൽ ഇത് നിർണായക പങ്കുവഹിച്ചെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. വാക്സിൻ സ്വീകരിച്ച് 20 ദിവസത്തിനുള്ളിലുണ്ടായ വിപരീത ഫലങ്ങളെയാണ് പഠനവിധേയമാക്കിയത്.
ഇതിനോടൊപ്പം, കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആശ്വാസമേകിക്കൊണ്ടാണ് പുതിയ കണക്കുകൾ പുറത്തുവരുന്നത്. പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നതിനൊപ്പം പോസിറ്റിവിറ്റി നിരക്കും കുറയുന്നുവെന്നതാണ് ആശ്വാസത്തിന് വകനൽകുന്നത്. ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 18.17 ശതമാനമാണ് രോഗവ്യാപന നിരക്ക്.
തിങ്കളാഴ്ച രാവിലെ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് 24 മണിക്കൂറിനിടെ 2,81,386 പേര്‍ക്ക്കൂടിയാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. 26 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മൂന്ന് ലക്ഷത്തിന് താഴെയാകുന്നത്. 3,78,741 പേര്‍ ഇന്നലെ രോഗമുക്തരാകുകയും ചെയ്തു. 4,106 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇതോടെ മഹാമാരി മൂലം രാജ്യത്ത് ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,74,390 ആയി. ഇതുവരെ 2,49,65,463 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 2,11,74,076 പേര്‍ രോഗമുക്തരാകുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.