ന്യൂഡൽഹി: അശ്ലീല ഉള്ളടക്കത്തിെൻറ പേരിൽ വിവാദമായ ‘ബോയിസ് ലോക്കർ റൂം’ ഇൻസ്റ്റാ ഗ്രൂപ്പിെൻറ അഡ്മിനെ ഡൽഹി പൊലീസ് സൈബർ സെൽ അറസ്റ്റ് ചെയ്തു. 12ാം ക്ലാസിൽ ഇൗ വർഷം പൊതു പരീക്ഷ എഴുതിയ വിദ്യാർഥിയാണ് അറസ്റ്റിലായത്.
ഗ്രൂപ്പിൽ സ്കൂൾ വിദ്യാർഥികളോടൊപ്പം 18 വയസിന് മുകളിലുള്ളവരും ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഗ്രൂപ്പിലുള്ള മുഴുവൻ അംഗങ്ങളും ഉപയോഗിച്ച െഎ.പി അഡ്രസ് അടക്കമുള്ള വിശദാംശങ്ങൾക്ക് ഇൻസ്റ്റഗ്രാം അധികൃതരുമായി സൈബർ സെൽ ബന്ധപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്നതോടെ സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ ആളുകളെയും പിടികൂടാനാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.
ഗ്രൂപ്പിൽ കോളജ് വിദ്യാർഥികളും അംഗങ്ങളാണെന്ന് അഡ്മിനെ ചോദ്യം ചെയ്തതിൽ നിന്ന് പൊലീസിന് ബോധ്യമായിട്ടുണ്ട്. ഇവരിൽ ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
സ്കൂൾ വിദ്യാർഥിനികളുടെ അശ്ലീല ചിത്രങ്ങൾ പങ്കുവെക്കുകയും ബലാത്സംഗം അടക്കം ചർച്ച ചെയ്യുകയും ചെയ്ത ‘ബോയ്സ് ലോക്കർ റൂം’ എന്ന ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾക്കായി ഡൽഹി പൊലീസ് തിങ്കളാഴ്ചയാണ് അന്വേഷണം തുടങ്ങിയത്. അവിചാരിതമായി ഇൗ ഗ്രൂപ്പിൽ അംഗമായ ഒരു പെൺകുട്ടി പുറത്ത്വിട്ട സ്ക്രീൻ ഷോട്ടുകളിലൂടെയാണ് അപകടകരമായ ഉള്ളടക്കം സംബന്ധിച്ച് വിവരം മറ്റുള്ളവരറിയുന്നത്. സ്ക്രീൻ ഷോട്ടുകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.
50 ഒാളം അംഗങ്ങളുള്ള ഗ്രൂപ്പിലെ 26 സ്കൂൾ വിദ്യാർഥികളെ കഴിഞ്ഞ ദിവസം പൊലീസ് തിരിച്ചറിഞ്ഞിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ പൊലീസ് കസ്റ്റഡിയിലാണ്.
ഒാരോരുത്തരെയായി ചോദ്യം ചെയ്യൽ തുടരുകയാണ്. ആദ്യം കസ്റ്റഡിയിലെടുത്ത 15 വയസുകാരനെ ചോദ്യം ചെയ്തതിൽ നിന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. അംഗങ്ങളുടെ ഇടപെടൽ സംബന്ധിച്ച് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത വിദ്യാർഥികളെല്ലാം ദക്ഷിണ മുംബൈയിലെ പ്രമുഖ സ്കൂളുകളിൽ നിന്നുള്ളവരാണ്. 13 വയസുകാരൻ വരെ ഗ്രൂപ്പിൽ അംഗമായിരുന്നു. ബലാത്സംഗത്തെ കുറിച്ചും സഹപാഠിയെ കൂട്ടബലാത്സംഗം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ഗ്രൂപ്പിൽ ചർച്ചകൾ നടക്കുന്നത്. സഹപാഠികളുടെ അശ്ലീല ചിത്രങ്ങളും ഗ്രൂപ്പിൽ പങ്കുവെച്ചിരുന്നു.
കുട്ടികളുടെ രക്ഷിതാക്കൾക്ക് ഇൗ ഗ്രൂപ്പ് സംബന്ധിച്ച് അറിയുമായിരുന്നില്ല. പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുമ്പോഴാണ് പല രക്ഷിതാക്കളും കാര്യങ്ങളറിയുന്നത്.
ഇൗ ഗ്രൂപ്പ് ഏപ്രിലിലാണ് ഉണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ട്യൂഷൻ സെന്ററുകൾ, പരിശീലന കേന്ദ്രങ്ങൾ, സ്പോർട്സ് മത്സരങ്ങൾ തുടങ്ങിയവയിലൂടെ പരസ്പരം ബന്ധമുള്ളവരാണ് ഗ്രൂപ്പ് അംഗങ്ങൾ.
സംഭവം വിവാദമായതോടെ കുട്ടികൾ വിശദാംശങ്ങൾ തങ്ങളുടെ മൊബൈലുകളിൽനിന്ന് നീക്കിയതായാണ് പൊലീസ് കരുതുന്നത്. ഐ.പി അഡ്രസുകൾ ലഭിച്ച ഉടനെ എല്ലാവരെയും ചോദ്യം ചെയ്യുമെന്ന് പൊലീസ് പറയുന്നു.
ഇതേ പോലുള്ള ഗ്രൂപ്പുകൾ വേറെയും ഉണ്ടെന്നാണ് പൊലീസ് കരുതുന്നത്. അത്തരം ഗ്രൂപ്പുകൾക്ക് പിറകിൽ പ്രവർത്തിക്കുന്നവർക്കായി അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു. ബോയിസ് ലോക്കർ റൂം വിവാദമായതോടെ പല ഗ്രൂപ്പുകളും ഡിലീറ്റ് ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.