മുംബൈ: കേന്ദ്രമന്ത്രി നാരായൺ റാണെയെ അടുത്തമാസം 17വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് മഹാരാഷ്ട്ര സർക്കാർ കോടതിയിൽ അറിയിച്ചു. അറസ്റ്റിനെ തുടർന്ന് സേന -ബി.ജെ.പി വാക്പ്പോര് കൊഴുക്കുകയാണ്. റാെണയെ ശിവസേന മുഖപത്രം 'സാമ്ന' ഓട്ടവീണ ബലൂണിനോടുപമിച്ച് മുഖപ്രസംഗമെഴുതി. തെറ്റ് ചെയ്തിട്ടില്ലെന്നും ആരെയും ഭയക്കുന്നില്ലെന്നും നാരായൺ റാണെ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറേക്കെതിരെ മോശം പരാമർശം നടത്തിയതിനാണ് കഴിഞ്ഞ ദിവസം റാണെയെ മഹാരാഷ്ട്ര സർക്കാർ അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച അറസ്റ്റിനുശേഷം രാത്രി വൈകിയാണ് മഹാഡ് കോടതിയിൽ നിന്ന് റാണെക്ക് ജാമ്യം ലഭിച്ചത്.
കേസ് തള്ളാനും അറസ്റ്റ് തടയാനും ആവശ്യപ്പെട്ട് ബോംബെ ഹൈകോടതിയിൽ റാണെ നൽകിയ ഹരജിയിൽ അടുത്തമാസം 17വരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യില്ലെന്ന് സർക്കാർ അറിയിച്ചു. ആരും നിയമത്തിനതീതരല്ലെന്ന് വ്യക്തമാക്കി മഹാരാഷ്ട്ര ജാമ്യത്തെ എതിർത്തില്ല.
ഉദ്ധവ് താക്കറെ, മുമ്പ് അമിത്ഷാക്കും യോഗി ആദിത്യനാഥിനുമെതിരെ മോശം പരാമർശം നടത്തിയിട്ടുണ്ടെന്ന് റാണെ ആരോപിച്ചു. മഹാരാഷ്ട്രയെ മമതയുടെ പശ്ചിമ ബംഗാളാക്കാൻ അനുവദിക്കില്ല. സംസ്ഥാനത്ത് ഗുണ്ടാരാജാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് റാണെയുടെ മകൻ നിതേഷ് റാണെ എം.എൽ.എയും രംഗത്തുവന്നു.
റാണെയുടെ അറസ്റ്റിന് പൊലീസ് ഉദ്യോഗസ്ഥനിൽ നിയമവിരുദ്ധമായി സമ്മർദം ചെലുത്തിയെന്നാരോപിച്ച് ശിവസേന നേതാവായ ഗതാഗതമന്ത്രി അനിൽ പരബിനെതിരെ ബി.ജെ.പി എം.എൽ.എ അതുൽ ഭട്കാൽകർ രത്നഗിരി പൊലീസിൽ പരാതി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.