അതിർത്തി തർക്കപരിഹാരം: ഇന്ത്യയുമായി തീരുമാനത്തിൽ എത്തിയെന്ന് ചൈന

ന്യൂഡൽഹി: ഈസ്റ്റേൺ ലഡാകിലെ സംഘർഷം പരിഹരിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ചൈനയും തീരുമാനത്തിലെത്തിയെന്ന് ചൈന സ്ഥിരീകരിച്ചു. ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ ആണ് ബീജിങ്ങിൽ ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രബലമായ വിഷയങ്ങളിൽ തീരുമാനത്തിലെത്തിയെന്നും അത് നടപ്പാക്കാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങും തമ്മിൽ സംഭാഷണത്തിന് അരങ്ങൊരുക്കിയാണ് ഇരുരാജ്യങ്ങളും ധാരണയിലെത്തിയത്. 17 നയതന്ത്ര യോഗങ്ങൾക്കും 21 സൈനിക യോഗങ്ങൾക്കും ശേഷമാണ് ഈ പുരോഗതി.

അതേസമയം, ലഡാക്കിലെ പോയന്റുകളിൽനിന്ന് ഇരുരാജ്യങ്ങളും സൈന്യത്തെ ഘട്ടം ഘട്ടമായി പിൻവലിക്കാനാണ് ധാരണയെന്ന് ഇന്ത്യ അറിയിച്ചെങ്കിലും ചൈനയൊന്നും പറഞ്ഞിട്ടില്ല. ഇന്ത്യൻ വിദേശ സെക്രട്ടറി പ്രഖ്യാപിച്ച പട്രോളിങ് സംവിധാനം പുനഃസ്ഥാപിക്കുന്ന കാര്യവും ചൈന എടുത്തുപറഞ്ഞിട്ടില്ല.

ഇരുരാജ്യങ്ങളും ചേർന്നുള്ള സംയുക്ത പ്രസ്താവനക്ക് പകരം ഇന്ത്യ ഒറ്റക്കുള്ള പ്രസ്താവനയാണ് നടത്തിയതെന്ന് പ്രമുഖ നയതന്ത്ര വിദഗ്ധനായ ബ്രഹ്മ ചെലാനി പറഞ്ഞു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള തീരുമാനം എന്താണെന്ന് ഇന്ത്യൻ കരസേനാ മേധാവിയും പറഞ്ഞിട്ടില്ല. ഈസ്റ്റേൺ ലഡാക്കിൽ പട്രോളിങ്ങിന്റെയും ബഫർസോണിന്റെയും കാര്യത്തിൽ 2020 ഏപ്രിലിന് മുന്നിലുള്ള സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിക്കണമെന്നാണ് ഇന്ത്യ കരുതുന്നതെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

പ്രശ്നങ്ങൾക്ക് പൂർണ പരിഹാരമായിട്ടില്ലെന്നും എന്നാൽ പരിഹാരത്തിനായുള്ള നീക്കങ്ങൾക്ക് പുരോഗതിയുണ്ടായെന്നും അതിർത്തി സംഘർഷവേളയിൽ ഈസ്റ്റേൺ ലഡാക്കിൽ സേവനമനുഷ്ഠിച്ച കേണൽ എസ്. ഡിന്നി പറഞ്ഞു. ചില മേഖലകളിൽ സൈനികരെ പിൻവലിക്കുമെന്നും ചില സ്ഥലങ്ങളിൽ പിൻവലിക്കില്ലെന്നുമാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - Border dispute settlement: China says it has reached a decision with India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.