മുംബൈ: മുംബൈയിലെ ബോറിവാലിയിൽ നാലുനില കെട്ടിടം തകർന്നുവീണ സംഭവത്തിൽ താമസക്കാർ രക്ഷപ്പെട്ടത് തലനാരിഴക്ക്. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.30 ഓടെയാണ് 'ഗീതാഞ്ജലി' എന്ന പാർപ്പിട സമുച്ചയം തകർന്നു വീണത്. കെട്ടിടത്തിൽ ആളുകൾ ഇല്ലാത്തതിനാൽ വലിയ ദുരന്തം ഒഴിവായി. എന്നാൽ കെട്ടിടം തകർന്നുവീണത് നേരിൽ കണ്ട ഞെട്ടലിലാണ് ആളുകൾ. പത്ത് മണിയോടെ കെട്ടിടത്തിന്‍റെ ഭിത്തിയിൽ വിള്ളൽ വീണതിനെതുടർന്ന് വീട് ഒഴിഞ്ഞുപേവാൻ വീട്ടുകാർ തയാറെടുക്കുകയായിരുന്നു. താമസക്കാർ പുറത്തേക്കിറങ്ങിയ സമയം നാലുനില സമുച്ചയം ചീട്ടുകൊട്ടാരംപോലെ തകർന്ന് വീണു.
കിടപ്പുമുറിയുടെ ചുമരിൽ രാവിലെ 10 മണിയോടെ വിള്ളൽ കണ്ടതിനെ തുടർന്ന് ഒരുമണിയോടെ താമസസ്ഥത്തുനിന്നു മാറാൻ തീരുമാനിച്ചു. അമ്മയേയും മകനേയും സഹോദരന്‍റെ വീട്ടിലേക്ക് മാറ്റാനായി പുറത്തക്ക് വന്ന സമയത്ത് ഞങ്ങളുടെ കൺമുന്നിൽ വെച്ചാണ് കെട്ടിടം തകർന്നുവീണതെന്ന് ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടതെന്നും താമസക്കാരനായ മണ്ഡേക്കർ പറഞ്ഞു. ജീവൻ തിരിച്ചുകിട്ടിയങ്കിലും സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ടതിന്റെ സങ്കടത്തിലാണ് ഇവർ.
ഉടമസ്ഥാവകാശ തർക്കം കാരണം 40 വർഷം പഴക്കമുള്ള കെട്ടിടസമുച്ചയത്തിന്‍റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നിരുന്നില്ല. കെട്ടിടം ജീർണാവസ്ഥയിലാണെന്ന് ബൃഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ അധികൃതർ പ്രഖ്യാപിച്ചിരുന്നു. ഇതിനെ തുടർന്ന് കെട്ടിടത്തിലെ ഏതാനും താമസക്കാർ മാറി താമസിച്ചു. എന്നാൽ ചിലർ കെട്ടിടം വിട്ടുപോവാൻ തയ്യാറായില്ല. കെട്ടിടത്തിൽ നിർമാണപ്രവർത്തനങ്ങൾ നടത്തണമെന്നാവശ്യപ്പെട്ട് ചിലർ കോടതിയെ സമീപിച്ചെങ്കിലും മറ്റുചിലർ അതിനെ എതിർക്കുകയും അനുകൂല വിധി സമ്പാദിക്കുകയായിരുന്നു. കെട്ടിടം തകർന്നുവീഴുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.