ജമ്മു കശ്മീർ എസ്.ഐ ചോദ്യപേപ്പർ ചോർച്ചാ കുംഭകോണം: ബി.എസ്.എഫ് മെഡിക്കൽ ഓഫിസർ അറസ്റ്റിൽ

ജമ്മു: വിവാദമായ ജമ്മു കശ്മീർ പൊലീസ് സബ് ഇൻസ്പെക്ടർമാരുടെ ചോദ്യപേപ്പർ ചോർച്ചാ കുംഭകോണത്തിൽ ബി.എസ്.എഫ് മെഡിക്കൽ ഓഫിസർ അറസ്റ്റിൽ. പാലൂര ബി.എസ്.എഫ് ആസ്ഥാനത്തെ മെഡിക്കൽ ഓഫിസർ ഡോ. കർണൈൽ സിങ്ങിനെയാണ് സി.ബി.ഐ അറസ്റ്റ് ചെയ്തത്.

പൊലീസ് എസ്.ഐ പരീക്ഷയുടെ ചോദ്യപേപ്പർ വൻതുക പ്രതിഫലം വാങ്ങി ചോർത്തിയെന്നാണ് കേസ്. മെഡിക്കൽ ഓഫിസറെ വിശദമായി ചോദ്യം ചെയ്യുമെന്ന് സി.ബി.ഐ അറിയിച്ചു. ചോദ്യപേപ്പർ ചോർച്ച കുംഭകോണവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ജമ്മു കശ്മീർ പൊലീസിൽ സെലക്ഷൻ ഗ്രേഡ് കോൺസ്റ്റബിളായി (എസ്.ജി.സി.ടി) നിയമിതനായ ഖൗറിലെ നോർ ഗ്രാമവാസിയായ ചുനി ലാലിന്‍റെ മകൻ രാമൻ ശർമ, രാം ലാൽ ശർമയുടെ മകൻ സുരേഷ് ശർമ, അഖ്‌നൂരിലെ കൈങ്ക് ജാഗീറിലെ താമസക്കാരൻ, ഖൗറിലെ മസ്യാൽ നാരായണയിൽ താമസിക്കുന്ന ധനി റാമിന്റെ മകൻ ജഗദീഷ് ശർമ്മ, സർക്കാർ അധ്യാപകൻ അടക്കം എട്ട് പ്രതികളാണ് നേരത്തെ അറസ്റ്റിലായത്.

ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ മട്ടനിൽ ഐ.ആർ.പി കോൺസ്റ്റബിളായ കേവൽ കൃഷൻ, പേപ്പർ ചോർച്ച റാക്കറ്റ് നടത്തുന്നതിനായി സി.ആർ.പി.എഫിൽ നിന്ന് സ്വമേധയാ വിരമിച്ച ഖൗറിലെ കച്രിയാലിലെ മേലാ റാമിന്റെ മകൻ അശ്വനി കുമാർ, അഖ്‌നൂരിലെ ഖൗർ ഏരിയയിലെ പെലിലെ രാകേഷ് കുമാർ എന്നിവർ ഉദ്യോഗാർഥികളിൽ നിന്ന് 1.25 കോടി രൂപ പിരിച്ചെടുത്തെന്നാണ് കേസ്.

ചോദ്യപേപ്പർ ചോർച്ചാ ആരോപണം അന്വേഷിക്കാൻ ജമ്മു കശ്മീർ സർക്കാർ ആദ്യം ഉദ്യോഗസ്ഥതല സമിതിയെ നിയോഗിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്.

Tags:    
News Summary - BSF Medical Officer arrested in JKP SI Paper Leak Scam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.