പുതിയ ക്രിമിനൽ നിയമത്തിനെതി​രെ ആഞ്ഞടിച്ച് ചിദംബരം: ‘നിയമവ്യവസ്ഥക്കെതിരായ ബുൾഡോസർ പ്രയോഗം’

ന്യൂഡൽഹി: ഇന്നു മുതൽ പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ പി. ചിദംബരം. മതിയായ ചർച്ചകളില്ലാതെ നടപ്പാക്കുന്ന നിയമങ്ങൾ ക്രിമിനൽ നീതിന്യായ വ്യവസ്ഥയെ താറുമാറാക്കുമെന്നും നിലവിലുള്ള നിയമങ്ങൾക്കെതിരെയുള്ള ബുൾഡോസർ പ്രയോഗമാണെന്നും ചിദംബരം പറഞ്ഞു.

ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. നൂറ്റാണ്ടിലേറെയായി രാജ്യത്ത് നില നിൽക്കുന്ന ക്രിമിനൽ നിയമങ്ങളായ ഇന്ത്യൻ ശിക്ഷാ നിയമം(ഐ.പി.സി), ക്രിമിനൽ നടപടി ക്രമം(സി.ആർ.പി.സി), ഇന്ത്യൻ തെളിവ് നിയമം (ഐ.ഇ.എ) എന്നിവ മാറ്റി തൽസ്ഥാനത്ത് യഥാക്രമം ഭാരതീയ നീതി സംഹിത(ബി.എൻ.എസ്), ഭാരതീയ പൗര സുരക്ഷാ സംഹിത (ബി.എൻ.എസ്.എസ്), ഭാരതീയ തെളിവ് നിയമം (ബി.എസ്.എ) എന്നിവയാണ് നടപ്പാക്കുന്നത്.

“പുതിയ നിയമങ്ങളിൽ 99 ശതമാനവും കോപ്പി പേസ്റ്റാണ്. നിലവിലുള്ള മൂന്ന് നിയമങ്ങളിൽ ചില ഭേദഗതികൾ വരുത്തുന്നതിന് പകരം പാഴ് വേലയാണ് ചെയ്തത്. നിരവധി പിന്തിരിപ്പൻ വ്യവസ്ഥകളാണ് ഇതിലുള്ളത്. ചിലത് പ്രഥമദൃഷ്ട്യാ ഭരണഘടനാ വിരുദ്ധമാണ്. അതേസമയം, പുതിയ നിയമങ്ങളിൽ ചില നല്ല കാര്യങ്ങളുണ്ട്. ഞങ്ങൾ അവയെ സ്വാഗതം ചെയ്തിട്ടുമുണ്ട്. അത് നിയമ ഭേദഗതികളായി കൊണ്ടുവരാവുന്നതേയുള്ളൂ’ -എക്‌സ് പോസ്റ്റിൽ ചിദംബരം പറഞ്ഞു.

സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ എം.പിമാർ വ്യവസ്ഥകൾ പരിശോധിച്ച് മൂന്ന് ബില്ലുകളെക്കുറിച്ചും വിശദമായ വിയോജനക്കുറിപ്പുകൾ എഴുതിയിരുന്നു. എന്നാൽ, ഇതിലെ വിമർശനങ്ങളൊന്നും സർക്കാർ തള്ളുകയോ മറുപടി പറയുകയോ ചെയ്തില്ല. പാർലമെൻ്റിൽ ഗൗരവമാർന്ന ചർച്ച പോലും നടന്നില്ലെന്നും ചിദംബരം കൂട്ടിച്ചേർത്തു.

"പുതിയ മൂന്ന് നിയമങ്ങളിലെ ഗുരുതരമായ പോരായ്മകൾ നിയമ പണ്ഡിതന്മാരും ബാർ അസോസിയേഷനുകളും ജഡ്ജിമാരും അഭിഭാഷകരും നിരവധി ലേഖനങ്ങളിലും സെമിനാറുകളിലും ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, സർക്കാർ ഇത്തരം പ്രശ്നങ്ങളോട് പ്രതികരിച്ചിട്ടില്ല. കോടതികളിൽ നിരവധി പ്രതിസന്ധിയാണ് ഈനിയമങ്ങൾ സൃഷ്ടിക്കുക. ഭരണഘടനയ്ക്കും ക്രിമിനൽ നിയമത്തിൻ്റെ ആധുനിക തത്വങ്ങൾക്കും അനുസൃതമായി മൂന്ന് നിയമങ്ങളിലും കൂടുതൽ മാറ്റങ്ങൾ വരുത്തണം’ -അദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്ത് ഇതുവരെയുണ്ടായിരുന്ന മൂന്ന് ക്രിമിനൽ നിയമങ്ങളും അതിലെ ഓരോ വ്യവസ്ഥകളും സുപ്രീംകോടതി കാലങ്ങളായി ഇഴകീറി വ്യാഖ്യാനിച്ചതിനാൽ സാധാരണക്കാർക്ക് ക്രിമിനൽ നിയമവ്യവസ്ഥ സംബന്ധിച്ച് സംശയങ്ങൾക്കിടയില്ലായിരുന്നു. എന്നാൽ, ഇതുവരെ രാജ്യത്തെ ഒരു കോടതിയും വ്യാഖ്യാനിക്കാത്ത പുതിയ നിയമങ്ങൾ പൊടുന്നനെ പ്രാബല്യത്തിലാക്കുമ്പോൾ പലവിധ പ്രശ്നങ്ങളുയരുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

പുതിയ വകുപ്പുകൾ പ്രകാരം ചുമത്തുന്ന കേസുകളിൽ ആദ്യമായി അറസ്റ്റിലായി ക്രിമിനൽ നടപടികൾ നേരിടുന്നവർക്ക് പുതിയ നിയമങ്ങളിലെ കോടതി വ്യാഖ്യാനം സംബന്ധിച്ച് സൂചനയോ ധാരണയോ ലഭിക്കില്ല. അഭിഭാഷകർക്കുപോലും കോടതി എങ്ങനെ ഇവ വ്യാഖ്യാനിക്കുമെന്ന് പറയാനാകില്ല. സ്വാഭാവികമായും സുപ്രീംകോടതിയുടെ അന്തിമ വ്യാഖ്യാനം വരുന്നതുവരെ ഓരോ കേസുകളും കക്ഷികളെ അനിശ്ചിതത്വത്തിന്റെ മുൾമുനയിലാക്കും. നിരപരാധികളാണെങ്കിൽ പോലും അറസ്റ്റിലായവർക്ക് ജയിൽമോചനം ലഭിക്കണമെങ്കിൽ സുപ്രീംകോടതിയിൽ കേസ് തീരുംവരെ വർഷങ്ങളെടുക്കും.

Tags:    
News Summary - Bulldozing three existing laws: Chidambaram slams govt over new criminal laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.