ഡൽഹി: ഡൽഹി കലാപത്തിനിടെ പള്ളി കത്തിച്ച സംഭവത്തിൽ കേസെടുക്കാൻ കോടതി ഉത്തരവ്. ഡൽഹി മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. കഴിഞ്ഞ വർഷം നടന്ന കലാപത്തിനിടെ ശിവ് വിഹാറിലെ മദീന മസ്ജിദ് കത്തിച്ച സംഭവത്തിലാണ് കോടതി നടപടി. അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് മയൂരി സിങ് ഡൽഹി, കാരവാൽ നഗർ പോലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒയ്ക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ നിർദേശം നൽകി.
പള്ളി കത്തിച്ചതിൽ കൃത്യമായ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി. അഡ്വ: എം.ആർ.ഷംഷാദ് സമർപ്പിച്ച അപേക്ഷയിലാണ് ഉത്തരവ്. 2020 ഫെബ്രുവരി 25ന് വൈകുന്നേരം ആറോടെ മദീന മസ്ജിദ് പ്രിസരത്ത് 20 മുതൽ 25 വരെ ആളുകൾ തടിച്ചുകൂടിയതായി പരാതിയിൽ പറയുന്നു. രണ്ട് എൽപിജി സിലിണ്ടറുകളിലൂടെ നടത്തിയ സ്ഫോടനത്തിന്‍റെ സഹായത്തോടെയാണ് പ്രതികൾ പള്ളി തകർക്കുകയും തീ കത്തിച്ച് നശിപ്പിക്കുകയും ചെയ്തത്.
ഫെബ്രുവരി 26ന് പ്രതികളിലൊരാൾ മസ്ജിദിന് മുകളിൽ കയറി ജയ് ശ്രീ രാമനെ വിളിക്കുകയും തുടർന്ന് മസ്ജിദിന് മുകളിൽ കാവി പതാക ഉയർത്തുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. പ്രതികളുടെ പേരുകൾ ഉൾപ്പടെ പരാമർശിച്ച് നൽകിയ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതെന്തെന്ന് കോടതി ചോദിച്ചു. ആവശ്യമായ വകുപ്പുകൾ പ്രകാരം കേസ് എടുക്കാനും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.