കൊൽക്കത്ത: ഭീകര പ്രവർത്തനത്തിന്റെ പേരിൽ പിടിയിലായ രണ്ട് പാക് പൗരന്മാർ ഉൾപ്പെടെ ലശ്കറെ ത്വയ്യിബയുമായി ബന്ധമുള്ള നാലുപേരുടെ വധശിക്ഷ കൊൽക്കത്ത ൈഹകോടതി റദ്ദാക്കി. 2007ൽ ബംഗ്ലാദേശിൽനിന്ന് ബെനപോൾ അതിർത്തി വഴി ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് രണ്ട് പാകിസ്താനികളും അവരുടെ സഹായികളും ബി.എസ്.എഫിന്റെ വലയിലാകുന്നത്. നാലുപേർക്കെതിരായ വിചാണ കോടതിയുടെ ശിക്ഷയാണ് റദ്ദാക്കിയത്.
പാകിസ്താനികളായ മുഹമ്മദ് യൂനുസ്, മുഹമ്മദ് അബ്ദുല്ല എന്നിവരെ പാകിസ്താനിലേക്ക് അയക്കാൻ കോടതി നിർദേശിച്ചു. പകരം പാകിസ്താനിലേക്ക് ബലംപ്രയോഗിച്ച് കൊണ്ടുപോയ മുസഫർ അഹ്മദ് എന്നയാളെ വിട്ടയക്കണം. നാലാമത്തെ ആളായ എസ്.കെ. നയീമിനെ ഇയാൾക്കെതിരെ വാറന്റുള്ള പാട്യാല കോടതിയിൽ ഹാജരാക്കണം.
പ്രതികൾക്കെതിരെ 'ഇന്ത്യക്കെതിരെ യുദ്ധം ചെയ്യൽ' കുറ്റം ചുമത്തി നൽകിയ വധശിക്ഷ ഡിവിഷൻ ബെഞ്ച് റദ്ദാക്കി. എന്നാൽ, ഇന്ത്യക്കെതിരായ യുദ്ധത്തിനുള്ള ഗൂഢാലോചന പോലുള്ള കുറ്റങ്ങളിൽ ഇവർ പങ്കാളികളാണെന്ന് കണ്ടെത്തി. രണ്ട് പാക് പൗരന്മാരും 15 വർഷത്തോളം ജയിലിൽ കഴിഞ്ഞതിനാൽ അവർ ഇതിനകം ശിക്ഷ പൂർത്തിയാക്കിക്കഴിഞ്ഞു. നാലുപേരും തീവ്രവാദ സംഘടനയുടെ ഉന്നത തലങ്ങളിലുള്ളവർ ആയിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. എല്ലാവരും വെറും പാദസേവകരായിരുന്നു. വ്യാജ വാഗ്ദാനങ്ങളിൽ ആകൃഷ്ടരായാണ് ഇവർ ലശ്കറെ ത്വയ്യിബയുമായി അടുക്കുന്നത്. മഹാരാഷ്ട്രക്കാരനായ നയീമിന് ക്രിമിനൽ പശ്ചാത്തലമുണ്ട്. ഭീകര പ്രവർത്തനത്തിലും പങ്കുണ്ടായിരുന്നു.
പക്ഷേ ഇതിലൊന്നും ശിക്ഷിക്കപ്പെട്ടിട്ടില്ല. ബോംബെ സ്ഫോടന കേസിലും മക്ക മസ്ജിദ് സ്ഫോടന കേസിലും മറ്റും ഇയാൾക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ തെളിവില്ലെന്നും വിധിയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.