ന്യൂഡൽഹി: സംഘർഷം പുകയുന്ന ഹരിയാനയിൽ വീണ്ടും പ്രകോപനവുമായി ഹിന്ദുത്വ സംഘടനകൾ. നൂഹ്, ഗുരുഗ്രാം അടക്കം മേഖലകളിൽ വംശീയാതിക്രമത്തിലേക്ക് നയിച്ച വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര പുനരാരംഭിക്കാനും യുവാക്കളോട് ആയുധമേന്താനും ഹിന്ദുത്വ സംഘടനകളുടെ മഹാപഞ്ചായത്തിൽ ആഹ്വാനം. നൂഹിൽനിന്ന് 35 കി.മീ. അകലെ പൽവലിൽ ഹരിയാന പൊലീസിന്റെ അനുമതിയോടെ ഞായറാഴ്ച സർവഹിന്ദു സമാജിന്റെ നേതൃത്വത്തിൽ നടന്ന മഹാപഞ്ചായത്തിലാണ് വിദ്വേഷ ആഹ്വാനം ഉണ്ടായത്.
ഹരിയാന ഗോ രക്ഷക് ദൾ ആചാര്യ ആസാദ് ശാസ്ത്രിയാണ് ‘ആയുധമെടുക്കുക അല്ലെങ്കിൽ മരിക്കുക’ എന്ന് പൊലീസ് സാന്നിധ്യത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്തത്. നൂഹ് മുസ്ലിം ഭൂരിപക്ഷ ജില്ലയായതിനാൽ സ്വയരക്ഷക്കായി ആയുധ ലൈസൻസ് വ്യവസ്ഥകൾ ഉദാരമാക്കണം. മേവാത്തിൽ 100 ആയുധങ്ങളുടെ ലൈസൻസ് ഉറപ്പാക്കണം. തോക്കുകളല്ല, റൈഫിളുകളാണ് വേണ്ടത്. കാരണം റൈഫിളുകൾക്ക് ദൂരെനിന്ന് വെടിയുതിർക്കാനാവും. കേസുകളെ ഭയപ്പെടേണ്ടതില്ല. എനിക്കെതിരെ ആറ് കേസുണ്ട്. ഹിന്ദു-മുസ്ലിം അടിസ്ഥാനത്തിലാണ് രാജ്യത്തിന്റെ വിഭജനം ഉണ്ടായത്. ഗാന്ധിജി കാരണമാണ് മുസ്ലിംകൾ മേവാത്തിൽ താമസിക്കുന്നതെന്നും പ്രസംഗത്തിൽ തുടർന്നു.
ജൂലൈ 31ന് സംഘർഷത്തെതുടർന്ന് നിർത്തിവെച്ച വിശ്വഹിന്ദു പരിഷത്തിന്റെ ഘോഷയാത്ര ആഗസ്റ്റ് 28ന് വീണ്ടും നടത്താനാണ് യോഗതീരുമാനം. വി.എച്ച്.പി റാലിക്കുനേരെയുണ്ടായ ആക്രമണം എൻ.ഐ.എ അന്വേഷിക്കണം. നൂഹിനെ ഗോഹത്യരഹിത ജില്ലയാക്കണം. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ഒരുകോടി രൂപയും സർക്കാർ ജോലിയും പരിക്കേറ്റവർക്ക് 50 ലക്ഷം രൂപയും നൽകണം. അനധികൃതമായി സംസ്ഥാനത്ത് കടന്നവരെ ഉടൻ നാടുകടത്തണം. മേവാത്തിൽ കേന്ദ്രസേനയുടെ ആസ്ഥാനം വേണമെന്നും മഹാപഞ്ചായത്ത് ആവശ്യപ്പെട്ടു. എന്നാൽ, വിദ്വേഷ പ്രസംഗം നടത്തരുതെന്നും ആയുധങ്ങൾ കൊണ്ടുവരരുതെന്നുമടക്കം കർശന വ്യവസ്ഥകളോടെയാണ് യോഗത്തിന് അനുമതി നൽകിയതെന്നാണ് പൽവാൽ പൊലീസ് സൂപ്രണ്ട് ലോകേന്ദ്ര സിങ് നൽകുന്ന വിശദീകരണം. പരമാവധി 500 പേർക്കാണ് പങ്കെടുക്കാൻ അനുമതി നൽകിയിരുന്നത്. രണ്ടുമണിക്കകം യോഗം അവസാനിപ്പിക്കണമെന്ന് നിർദേശിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. സംഘർഷത്തിന് പിന്നാലെ ഗുരുഗ്രാമിൽ ഹിന്ദുസമാജ് മഹാപഞ്ചായത്ത് യോഗം നടത്തി മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.