കൊൽക്കത്ത: പാക് പിടിയിലായ ജവാനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിക്കാതെ ഭാര്യ. പാക് അതിർത്തി കടന്നതിന് കസ്റ്റഡിയിലെടുത്ത ബി.എസ്.എഫ് ജവാൻ പൂർണം സാഹുവിന്റെ ഗർഭിണിയായ ഭാര്യ രജനിക്കാണ് ഈ ദുര്യോഗം. സാഹുവിന്റെ മോചനത്തിൽ ഇന്ത്യൻ ഇടപെടലിന്റെ വിവരം ലഭിക്കാത്തതാണ് അവരെ കുഴക്കുന്നത്. സേനയിലെ മുതിർന്ന ഉദ്യോഗസ്ഥരിൽനിന്ന് വിവരമറിയാൻ ഫിറോസ് പൂരിലേക്ക് പോകാനാണ് ഇവരുടെ തീരുമാനം. വിവരം ലഭിച്ചില്ലെങ്കിൽ ഡൽഹിയിലേക്ക് പോകും.
അതിർത്തിക്കടുത്തുള്ള ഒരു കൂട്ടം കർഷകർക്ക് അകമ്പടി പോയ സാഹു വിശ്രമിച്ച മരം പാക് നിയന്ത്രിത മേഖലയിലായിരുന്നു. ഉടൻ പാക് സേന ഇയാളെ കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ ഫിറോസ്പൂരിലെ ബി.എസ്.എഫിന്റെ 182ാം ബറ്റാലിയൻ അംഗമാണ് സാഹു. മോചനവുമായി ബന്ധപ്പെട്ട ചർച്ചകൾ നടത്താൻ ഇന്ത്യ-പാക് അതിർത്തി സേനകൾ ഫ്ലാഗ് മീറ്റിങ് നടത്തിയതായി വ്യാഴാഴ്ച രാത്രി അറിയിച്ചിരുന്നു.
അതിർത്തിയിൽ കർഷകരുടെ തുണയ്ക്കായുള്ള ‘കിസാൻ ഗാർഡ്’ ഡ്യൂട്ടിക്കിടെയാണ് സാഹു പാക്കിസ്ഥാന്റെ പിടിയിലായത്. വേനൽക്കാലത്ത് അതിർത്തിക്കും സീറോ ലൈനിനുമിടയിൽ സുരക്ഷാവേലിയില്ലാത്ത ഭാഗങ്ങളിൽ കൃഷി അനുവദിക്കാറുണ്ട്. ഇവിടെ നിരീക്ഷണ ചുമതലയിലുണ്ടായിരുന്ന സാഹു വിശ്രമിക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ പാകിസ്ഥാൻ പ്രദേശത്തേക്ക് പ്രവേശിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.