മുംബൈ: മുതിർന്ന ബി.ജെ.പി നേതാവ് കിരിത് സോമയ്യയുടേതെന്ന് കരുതുന്ന ലൈംഗിക വിഡിയോ വാർത്തയാക്കിയ മറാത്തി ചാനലിന് 72 മണിക്കൂർ വിലക്കേർപ്പെടുത്തി കേന്ദ്രം. വെള്ളിയാഴ്ച വൈകീട്ട് ഏഴ് മുതൽ 72 മണിക്കൂർ സംപ്രേഷണം നിർത്തിവെക്കാൻ നിർദേശിച്ച് കേന്ദ്ര വിവര, സംപ്രേഷണ മന്ത്രാലയമാണ് നോട്ടീസ് നൽകിയതെന്ന് ചാനൽ ചീഫ് എഡിറ്റർ കമലേഷ് സുതാർ അറിയിച്ചു.
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഉത്തരവിൽ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നതിനിടെയാണ് കേന്ദ്ര നടപടി. സോമയ്യക്കെതിരെ കൂടുതൽ അശ്ലീല വിഡിയോകൾ ലഭിച്ചിട്ടുണ്ടെന്ന് ചാനൽ അവകാശപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മഹാരാഷ്ട്രയിലെ പ്രതിപക്ഷ പാർട്ടികളും ഭരണപക്ഷത്തെ ഏക്നാഥ് ഷിൻഡെ പക്ഷ ശിവസേനയും നിയമസഭയിൽ രംഗത്തുവന്നതിനെ തുടർന്നാണ് ഫഡ്നാവിസ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കിരിത് സോമയ്യയുടേത് ലൈംഗികാതിക്രമമാണെന്നാണ് ഇവരുടെ ആരോപണം. വിഡിയോ വ്യാജമാണെന്നും പ്രതിപക്ഷമാണ് അതിന് പിന്നിലെന്നുമാണ് സോമയ്യ തിരിച്ചാരോപിച്ചത്. അദ്ദേഹവും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാക്കൾക്കെതിരായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി)അടക്കമുള്ള കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അറസ്റ്റും സമൂഹ മാധ്യമത്തിൽ മുൻകൂട്ടി ‘പ്രവചിച്ചി’രുന്ന ആളാണ് സോമയ്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.