ന്യൂഡൽഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പെൻഷൻ പദ്ധതിയിൽ സമഗ്രപരിഷ്കരണത്തിന് കേന്ദ്രം. മിനിമം പെൻഷൻ ഉയർത്തുക, വിരമിക്കുമ്പോൾ പെൻഷൻ നിധിയിൽ നിന്ന് ഭാഗികമായി തുക പിൻവലിക്കാൻ അനുവദിക്കുക എന്നിവയടക്കം പരിഷ്കരണങ്ങൾ വരുത്താൻ സർക്കാർ തയാറെടുക്കുന്നതായാണ് റിപ്പോർട്ടുകൾ.
നിലവിൽ പെൻഷൻ ഫണ്ടിലേക്കുള്ള വിഹിതം കണക്കാക്കുന്നതിന് അടിസ്ഥാനമാക്കുന്ന ശമ്പളത്തിന്റെ മേൽത്തട്ട് 15,000 രൂപയാണ്. ഇത് വർധിപ്പിക്കാനും ആലോചനയുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിമാസ പെൻഷൻ തുക 10,000 രൂപയായി ഉയർത്തുകയെന്ന നിർദേശം സജീവമായി പരിഗണിക്കുന്നുണ്ട്. മിനിമം പി.എഫ് പെൻഷൻ ഇപ്പോൾ 1,000 രൂപയാണ്. ഇത് ഉയർത്തുകയാണ് മറ്റൊരു പരിഗണന വിഷയം. വിവാഹം, മക്കളുടെ വിദ്യാഭ്യാസം തുടങ്ങിയവക്ക് പി.എഫിൽ നിന്ന് തുക പിൻവലിക്കുന്ന നടപടിക്രമം ലളിതമാക്കും.
ന്യൂഡൽഹി: പി.എഫ് അക്കൗണ്ടിൽ ഇടപാടുകൾക്ക് തത്സമയ എസ്.എം.എസ് അറിയിപ്പുകൾ ഏർപ്പെടുത്താൻ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇ.പി.എഫ്.ഒ). പി.എഫ് വിഹിതം അടക്കുന്നതിലെ തിരിമറികളുമായി ബന്ധപ്പെട്ട് പരാതികൾ വ്യാപകമാകുന്നതിനിടെയാണ് നടപടി. തൊഴിലുടമ ജീവനക്കാരന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്ന സമയം തന്നെ എസ്.എം.എസ് വഴി അറിയിപ്പ് ലഭിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം സജ്ജീകരിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ബാങ്കുകൾക്ക് സമാനമായ സംവിധാനമൊരുക്കാനാണ് ഇ.പി.എഫ്.ഒ പദ്ധതിയിടുന്നത്. നിലവിൽ കമ്പനികൾ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പി.എഫ് വിഹിതം കുറവ് ചെയ്യുന്നുണ്ട്. എന്നാൽ, പല കമ്പനികളും ഈ തുക യഥാസമയം ജീവനക്കാരുടെ പി.എഫ് അക്കൗണ്ടിലേക്ക് നിക്ഷേപിക്കാറില്ലെന്നും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.