ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിൽ നടക്കുന്ന സെൻട്രൽ വിസ്റ്റ പദ്ധതിയുടെ നിർമാണം തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹരജി സുപ്രീംകോടതി നിരസിച്ചു. ഡൽഹി ഹൈകോടതി വിഷയം പരിഗണിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഇടപെടാൻ വിസമ്മതിച്ചത്. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഡൽഹിയിൽ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും പദ്ധതിയുമായി മുന്നോട്ടുപോകുന്നത് നിർത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരൻ സുപ്രീംകോടതിയെ സമീപിച്ചത്.
ദേശീയ തലസ്ഥാനത്തെ എല്ലാ നിർമാണപ്രവർത്തനങ്ങളും നിർത്തിെവച്ചിരിക്കെ സെൻട്രൽ വിസ്റ്റമാത്രം തുടരുന്നതായി ഹരജിക്കാരനുവേണ്ടി മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ലൂത്ര കോടതിയിൽ ചൂണ്ടിക്കാട്ടി. പദ്ധതി അനിവാര്യമെന്നാണ് തരംതിരിച്ചിരിക്കുന്നത്. നിർമാണം എങ്ങനെ ഒരു അനിവാര്യ പ്രവർത്തനമാകും? ആരോഗ്യ അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങളിൽ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവൻ അപകടത്തിലാക്കുന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നില്ല. ആരോഗ്യസംരക്ഷണ സംവിധാനത്തിൽ കൂടുതൽ സമ്മർദം ചെലുത്താനും നമുക്ക് കഴിയുന്നില്ല -സിദ്ധാർഥ് വാദിച്ചു.
ഡൽഹിയിലെ ആരോഗ്യ സാഹചര്യം തകർന്നടിഞ്ഞ വേളയിലും തൊഴിലാളികളോട് വീട്ടിൽനിന്ന് പുറത്തിറങ്ങി നിർമാണത്തിലേർപ്പെടാൻ പറയുകയാണ്. നിലവിൽ എട്ട് വ്യത്യസ്ത സ്ഥലങ്ങളിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ, ഡൽഹി ഹൈകോടതിയിൽ ഇതുമായി ബന്ധപ്പെട്ട കേസ് നിലനിൽക്കുന്നുവെന്ന് കാണിച്ച് സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹരജിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. ഇതേ ഹരജി ഹൈകോടതിയിലും സമർപ്പിച്ചിരുന്നു. മേയ് 17ന് അടുത്ത വാദം കേൾക്കാനായി മാറ്റിവെച്ചുവെങ്കിലും കോവിഡ് മേയ് പകുതിയോടെ ഉയരുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഇക്കാര്യം അടിയന്തരമായി പരിഗണിക്കണമെന്ന് ലൂത്ര അഭ്യർഥിച്ചു.
എന്നാൽ, ജസ്റ്റിസുമാരായ വിനീത് ശരൺ, ദിനേശ് മഹേശ്വരി എന്നിവരുടെ ബെഞ്ച് ഹരജി തള്ളുകയായിരുന്നു. അതേസമയം, ഹൈകോടതിയെ സമീപിച്ച് തിങ്കളാഴ്ച അടിയന്തര വാദം കേൾക്കാൻ അപേക്ഷകന് കഴിയുമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
20,000 കോടി രൂപ ചെലവഴിച്ചാണ് സെൻട്രൽ വിസ്റ്റ പദ്ധതി ഡൽഹിയിൽ ഒരുങ്ങുന്നത്. ഇതിനെതിരെ പ്രതിപക്ഷം വിമർശനം ഉയർത്തുകയും ചെയ്തിരുന്നു. പദ്ധതിപ്രകാരമുള്ള പ്രധാനമന്ത്രിയുടെ ഭവനത്തിെൻറ നിർമാണം 2022 ഡിസംബറിൽ പൂർത്തിയാവുമെന്നാണ് സൂചന. ഉപരാഷ്ട്രപതിയുടെ ഭവനം അടുത്ത വർഷം മേയിലും. ഇതിന് പുറമേ പുതിയ പാർലമെൻറ് മന്ദിരവും സെൻട്രൽ സെക്രേട്ടറിയറ്റും പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.