ന്യൂഡൽഹി: ഡൽഹിയിൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ രാഷ്ട്രപതി ഭരണത്തിന് ശ്രമിക്കുകയാണ് ബി.ജെ.പിയെന്ന് ആം ആദ്മി പാർട്ടി. കെജ്രിവാൾ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയെ കുറിച്ച് വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്ന് തങ്ങൾക്ക് വിവരം ലഭിച്ചതായി മന്ത്രി അതിഷി വ്യക്തമാക്കി.
വിവിധ വകുപ്പുകളിൽ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥരുടെ തസ്തിക മാസങ്ങളായി ഒഴിഞ്ഞു കിടക്കുമ്പോഴും നിയമനത്തിന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അതിഷി ചൂണ്ടിക്കാട്ടി.
''ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഒരു തെളിവുമില്ലാത്ത കള്ളക്കേസിൽ കുടുക്കി ജയിലിലാക്കി. ഡൽഹി സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണത്. കുറച്ച് കാലമായി സംസ്ഥാനത്ത് നടക്കുന്ന സംഭവവികാസങ്ങൾ പരിശോധിക്കുമ്പോൾ, വളരെ ആസൂത്രിതമായി നടപ്പാക്കിയ ഗൂഢാലോചനയാണ് അതെന്ന് മനസിലാക്കാൻ സാധിക്കും.''-അതിഷി വാർത്ത സമ്മേളനത്തിൽ ആരോപിച്ചു.
ഡൽഹിയിലേക്ക് ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കുന്നില്ല. ട്രാൻസ്ഫർ പോസ്റ്റുകൾ ഉണ്ടാകുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ഉദ്യോഗസ്ഥർ യോഗങ്ങളിൽ പങ്കെടുക്കുന്നതും വിലക്കിയെന്നും അതിഷി പറഞ്ഞു.
ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ് കെജ്രിവാളിന്റെ പ്രൈവറ്റ് സെക്രട്ടറിയെ പുറത്താക്കിയതിന് പിന്നിലെന്നും അതിഷി കൂട്ടിച്ചേർത്തു. എന്നാൽ ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. നിൽക്കക്കള്ളിയില്ലാതായ എ.എ.പി ദിവസവും ഓരോ കള്ളക്കഥകൾ മെനയുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് ബി.ജെ.പിയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.