ന്യൂഡൽഹി: ഡൽഹി വഖഫ് ബോർഡിന്റെ 123 ഓളം സ്വത്ത് വകകൾ ഏറ്റെടുക്കാൻ കേന്ദ്ര ഭവന-നഗര കാര്യ മന്ത്രാലയം ഒരുങ്ങുന്നു. പള്ളികൾ, ദർഗകൾ, ഖബറിടങ്ങൾ ഉൾപ്പെടെയുള്ള സ്വത്തുക്കളാണ് കേന്ദ്രം ഏറ്റെടുക്കാനൊരുങ്ങുന്നത്. കേന്ദ്ര സർക്കാറിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി എ.എ.പി എം.എൽ.എയും വഖഫ് ബോർഡ് ചെയർമാനുമായ അമാനത്തുല്ല ഖാൻ രംഗത്തെത്തി. വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാറിനെ അനുവദക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
123 വഖഫ് സ്വന്തുക്കൾ വിട്ടുകൊടുക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരി എട്ടിന് ലാൻഡ് ഡെവലപ്പ്മെന്റ് ഡെപ്യൂട്ടി ഓഫീസർ വഖഫ് ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. വിരമിച്ച ജഡ്ജി എസ്.പി ഗാർഗിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ കമ്മിറ്റി ലാൻഡ് ഡെവലപ്പ്മെന്റ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ നിർദേശിക്കപ്പെട്ട വഖഫ് സ്വത്തുക്കൾ ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഡൽഹി വഖഫ് ബോർഡ് എതിർപ്പുന്നയിച്ചിട്ടില്ലെന്നാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
ഡൽഹി ഹൈകോടതിയുടെ നിർദേശ പ്രകാരം കേന്ദ്ര സർക്കാറാണ് കമ്മിറ്റിയെ രൂപീകരിച്ചതെന്ന് എൽ ആന്റ് ഡി.ഒ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. എന്നാൽ, വിഷയത്തിൽ എതിർപ്പുന്നയിച്ച് വഖഫ് ബോർഡ് കോടതിയെ സമീപിച്ചിട്ടുണ്ടെന്നും 123 വഖഫ് സ്വത്തുക്കൾ സംബന്ധിച്ച് നൽകിയ 1961/2022 നമ്പർ റിട്ട് ഹരജി ഹൈകോടതിയിലുണ്ടെന്നും അമാനത്തുല്ല ഖാൻ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ ചിലർ നുണ പ്രചരിപ്പിക്കുകയാണ്. തെളിവുകൾ നിങ്ങൾക്ക് മുമ്പിലുണ്ട്. വഖഫ് ബോർഡിന്റെ സ്വത്തുക്കൾ ഏറ്റെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും അമാനത്തുല്ല ഖാൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.