അഹമ്മദാബാദ്: ഗുജറാത്തിൽ ചാന്ദിപുര വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. സംസ്ഥാനത്ത് ആകെ 50 ഓളം ചാന്ദിപുര വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും 16 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായും ഗുജറാത്ത് ആരോഗ്യമന്ത്രി ഋഷികേശ് പട്ടേൽ പറഞ്ഞു.
ഹിമ്മത്പൂരിൽ 14 വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതിൽ ഏഴ് രോഗികൾ ചികിത്സയിലാണ്. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് വൈറസ് ബാധിച്ച ഒരു കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് കൂടുതൽ പേർ സമാന രോഗലക്ഷണങ്ങളോടെ മരിച്ചുവെന്ന് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. 12ഓളം ജില്ലകളിൽ നിലവിൽ രോഗബാധയുണ്ടെന്നാണ് ഗുജറാത്ത് സർക്കാർ അറിയിച്ചിരിക്കുന്നത്.
ഏഴ് കേസുകൾ ലാബ് പരിശോധനയ്ക്കായി പൂണെയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ഒരു കേസിൽ മാത്രമാണ് വൈറസ് കണ്ടെത്തിയത്. മുഖ്യമന്ത്രി ഭൂപേന്ദ്രഭായ് പട്ടേൽ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും പകർച്ചവ്യാധി നിയന്ത്രിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യപ്രവർത്തകർ നൽകുന്ന മുന്നറിയിപ്പ്.
കൂടുതൽ ജില്ലകളിൽ രോഗബാധ പടരുന്ന സാഹചര്യത്തിലാണിത്. അഹമ്മദാബാദ് ഉൾപ്പടെയുള്ള നഗരങ്ങളിലും രോഗം പടരുന്നത് ആശങ്കക്കിടയാക്കിയിട്ടുണ്ട്. നഗരത്തിലെ സിവിൽ ഹോസ്പിറ്റലിൽ രോഗം ബാധിച്ച് ഒരു കുട്ടി മരിച്ചിരുന്നു. എല്ലാ ഗ്രാമങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഇതു സംബന്ധിച്ച വിവരങ്ങൾ നൽകിയിട്ടുണ്ടെന്നും കളക്ടർമാർ, ചീഫ് ജില്ലാ ഹെൽത്ത് ഓഫീസർ (സി.ഡി.എച്ച്.ഒ), മെഡിക്കൽ കോളേജുകൾ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി വ്യക്തമാക്കി.
രോഗലക്ഷണങ്ങൾ കണ്ടെത്തിയ ജില്ലകളിൽ 51,275 പേരെ ഇതുവരെ പരിശോധിച്ചിട്ടുണ്ടെന്ന് ഗുജറാത്ത് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാ ജില്ലകൾക്കും കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംശയം തോന്നുന്ന സാമ്പിളുകൾ ഉടൻ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയക്കാൻ പ്രാദേശിക, ജില്ലാ ആശുപത്രികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും ഗുജറാത്ത് ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ ചാന്ദിപുര ജില്ലയിൽ 1965-ൽ ആദ്യമായാണ് ഇത് റിപ്പോർട്ട് ചെയ്തത്. പനി, തലവേദന, ഛർദ്ദി എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കഠിനമായ കേസുകളിൽ, രോഗി കോമയിലേക്ക് വീഴാം. ഇത് പ്രധാനമായും കുട്ടികളെയാണ് ബാധിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.