വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നിർദേശത്തിൽ വീട്ടിൽ പ്രസവം നടത്തി; ദമ്പതികൾക്കെതിരെ കേസ്

ചെന്നൈ: വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള നിർദേശത്തെത്തുടർന്ന് വീട്ടിൽ പ്രസവം നടത്തിയ ദമ്പതികൾക്കെതിരെ കേസ്. 'ഹോം ബർത്ത് എക്‌സ്പീരിയൻസ്' എന്ന വാട്സ് ആപ്പ് ഗ്രൂപ്പിന്റെ നിർദേശത്തിലാണ് ചെന്നൈ സ്വദേശികളായ ദമ്പതികൾ പ്രസവം വീട്ടിൽ നടത്തിയത്.

ജെ.സി.ബി ഓപ്പറേറ്ററായി ജോലി ചെയ്യുന്ന മനോഹരനും ഭാര്യ സുകന്യയുമാണ് തങ്ങളുടെ മുന്നാമത്തെ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയത്. ആയിരത്തിലധികം ആളുകൾ അംഗമായ ഗ്രൂപ്പിന്റെ നിർദേശത്തെത്തുടർന്ന് മനോഹരൻ ഗർഭിണിയായ സുകന്യയെ ഡോക്ടറെ കാണിച്ചിരുന്നില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ആദ്യ രണ്ട് കുഞ്ഞുങ്ങളുടെയും പ്രസവം ആശുപത്രിയിലാക്കിയിരുന്ന മനോഹരൻ മുന്നാമത്തെ കുഞ്ഞിന്റെ പ്രസവം വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദേശത്തെത്തുടർന്ന് വീട്ടിൽ നടത്താൻ തീരുമാനിക്കുകയായിരുന്നു. ഗ്രൂപ്പിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളെ തുടർന്ന് പരിശോധനകൾ ഒഴിവാക്കി. ഞായറാഴ്ചയായിരുന്നു സുകന്യയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടത്. ഗ്രൂപ്പിലെ നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ മനോഹരൻ തന്നെ പ്രസവത്തിന്റെ ചുമതല ഏറ്റെടുക്കുകയായിരുന്നു.

പ്രദേശത്തെ പബ്ലിക് ഹെൽത്ത് ഓഫീസർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുന്ദ്രത്തൂർ പൊലീസാണ് ദമ്പതികൾക്കെതിരെ കേസ് എടുത്തത്. മെഡിക്കൽ സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചാണ് മനോഹരൻ കുഞ്ഞിന്റെ പ്രസവം വീട്ടിലാക്കിയതെന്ന് പരാതിയിൽ പറയുന്നു. സംഭവത്തിൽ മനോഹരനെ ചോദ്യം ചെയ്തതിനെത്തുടർന്നാണ് വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പങ്ക് പുറത്ത് വന്നത്.

അമ്മയ്ക്കും കുഞ്ഞിനും ആവശ്യമായ വൈദ്യസഹായം നൽകുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Tags:    
News Summary - chennai-couple-delivers-baby-at-home-with-whatsapp-group-advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.