ഭോപാൽ: ഛത്തീസ്ഖണ്ഡ് സ്വദേശിയായ 18കാരിയെ ഏഴുമാസത്തിനുള്ളിൽ വിറ്റത് ഏഴിലധികം തവണ. നിരന്തരം ചൂഷണത്തിന് വിധേയമായ പെൺകുട്ടി കഴിഞ്ഞവർഷം സെപ്റ്റംബറിൽ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിച്ച പൊലീസ് കേസുമായി ബന്ധപ്പെട്ട് എട്ടോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഛത്തീസ്ഗഡിലെ ജഷ്പൂർ സ്വദേശിയാണ് പെൺകുട്ടി. കാർഷിക തൊഴിലാളിയായിരുന്നു പെൺകുട്ടിയുടെ പിതാവ്. തൊഴിലിൽ പിതാവിനെ സഹായിച്ചുകൊണ്ടിരുന്ന പെൺകുട്ടിയെ ജോലി വാങ്ങി നൽകാമെന്ന് അറിയിച്ച് ബന്ധു മധ്യപ്രദേശിലെ ഛത്താർപുരിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.
അവിടെവച്ച് പെൺകുട്ടിയെ ഒരു സംഘം തട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ വിട്ടു നൽകണമെങ്കിൽ പണം നൽകണമെന്നായിരുന്നു ആവശ്യം. പണം നൽകിയില്ലെങ്കിൽ പെൺകുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതോടെ കുടുംബം പൊലീസിനെ വിവരം അറിയിച്ചു.
ഇതോടെ തട്ടികൊണ്ടുപോയവർ പെൺകുട്ടിയെ 20,000 രൂപക്ക് ഛത്താർപുർ സ്വദേശിയായ കല്ലു രായ്ക്വാർക്ക് വിറ്റു. ഇയാൾ പെൺകുട്ടിയെ മറ്റൊരു കൂട്ടർക്ക് കൈമാറി. അവസാനമായി പെൺകുട്ടിയെ വാങ്ങിയത് യു.പിയിലെ ലളിത്പുർ സ്വദേശിയായ സന്തോഷ് കുഷ്വാഹായിരുന്നു. 70,000 രൂപക്കാണ് 18കാരിയെ ഇയാൾ വാങ്ങിയത്.
ഇവിടെവെച്ച് പെൺകുട്ടിയെ സന്തോഷിന്‍റെ മകൻ ബബ്ലൂ കുഷ്വാഹിനെകൊണ്ട്നിർബന്ധിച്ച് വിവാഹം കഴിപ്പിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ബബ്ലൂ.
നിരന്തരം ചൂഷണത്തിന് വിധേയമായതോടെ കഴിഞ്ഞവർഷം സെപ്റ്റംബറിൽ പെൺകുട്ടി ആത്മഹത്യ ചെയ്തു. ബബ്ലൂ കുഷ്വാഹിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
പെൺകുട്ടിയെ പിതാവിന്‍റെ അടുത്തുനിന്ന് അകന്ന ബന്ധുക്കൾ പണം നൽകി വാങ്ങിയതാണെന്ന് പൊലീസ് പിന്നീട് കണ്ടെത്തി. തുടർന്ന് ബന്ധുക്കളായ പഞ്ചം സിങ് റായ്യെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു. കേസിൽ എട്ടുപേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതൽ പെൺകുട്ടികളെ ഇത്തരം കെണിയിൽ ഈ സംഘം വീഴ്ത്തിയിരിക്കാമെന്ന അനുമാനത്തിലാണ് പൊലീസിന്‍റെ അന്വേഷണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.