ഗാംബിയയിൽ 66 കുട്ടികളുടെ മരണം: ചുമ മരുന്നുകളെക്കുറിച്ച് ഇന്ത്യയിൽ അന്വേഷണം

ന്യൂഡൽഹി: ആഫ്രിക്കയിലെ ഗാംബിയയില്‍ അഞ്ചു വയസ്സിൽ താഴെയുള്ള 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ) നൽകിയ മുന്നറിയിപ്പിനു പിന്നാലെ ഇന്ത്യൻ നിർമിത ചുമ മരുന്നുകളെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചു.

ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമിച്ച പ്രൊമെതാസിൻ ഓറൽ സൊലൂഷൻ, കൊഫെക്സ്മാലിൻ ബേബി കഫ് സിറപ്പ്, മേക്കോഫ് ബേബി കഫ് സിറപ്പ്, മാഗ് ഗ്രിപ് എൻ കോൾഡ് സിറപ്പ് എന്നിവയെക്കുറിച്ചാണ് അന്വേഷണം നടക്കുന്നത്.

ഈ മരുന്നുകളെക്കുറിച്ച് ഡബ്ല്യു.എച്ച്.ഒ സെപ്റ്റംബർ 29ന് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യക്ക് (ഡി.സി.ജി.ഐ) മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഉടൻതന്നെ ഹരിയാന അധികൃതരുമായി ബന്ധപ്പെട്ട് വിശദ അന്വേഷണത്തിനുള്ള നടപടി ആരംഭിച്ചെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

വൃക്കകളെയടക്കം സാരമായി ബാധിക്കുന്ന ഡൈതലീൻ ഗ്ലൈക്കോൾ, ഈതൈലീൻ ഗ്ലൈക്കോൾ എന്നിവ അമിത അളവിൽ നാലു ചുമമരുന്നുകളിലും അടങ്ങിയിരിക്കുന്നതായി രാസപരിശോധനയിൽ വ്യക്തമായെന്നാണ് ഡബ്ല്യു.എച്ച്.ഒ അറിയിച്ചത്.

66 കുട്ടികളും വൃക്ക തകരാറിലായാണ് മരിച്ചത്. നിലവിൽ ഗാംബിയയിൽ വിതരണം ചെയ്ത മരുന്നുകളിലാണ് ഇത് കാണപ്പെട്ടതെങ്കിലും മറ്റു രാജ്യങ്ങളിലും ഇവ വിതരണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടർ ജനറൽ ട്രെഡോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു. കൂടുതൽ അപകടമുണ്ടാകാതിരിക്കാൻ മരുന്നിന്‍റെ വിതരണം നിർത്തിവെക്കണമെന്ന് രാജ്യങ്ങളോട് ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാൽ, മരണത്തിന്‍റെ കൃത്യമായ കാരണമോ മരണങ്ങൾ എപ്പോൾ സംഭവിച്ചുവെന്നോ തുടങ്ങിയ കൂടുതൽ വിശദാംശങ്ങൾ ഡബ്ല്യു.എച്ച്.ഒ ഇതുവരെ നൽകിയിട്ടില്ലെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നത്. പ്രോട്ടോകോൾ അനുസരിച്ച് ഇന്ത്യയിൽനിന്ന് കയറ്റുമതി ചെയ്യുന്ന ഏതു മരുന്നും സ്വീകർത്താവായ രാജ്യമാണ് പരിശോധിക്കേണ്ടത്.

ആഫ്രിക്കൻ രാജ്യങ്ങളിൽ പരിശോധന നടത്താതെയാണോ മരുന്നുകൾ ഉപയോഗിച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ അറിയിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. പരിശോധനക്കയച്ച നാലു ചുമമരുന്നുകളുടെ സാമ്പിളുകളുടെ ഫലം രണ്ടു ദിവസത്തിൽ ലഭിക്കും.

കുട്ടികളുടെ മരണത്തിന് കാരണമെന്ന് സംശയിക്കുന്ന ഇന്ത്യൻ നിർമിത ചുമ മരുന്നുകൾ ഉപയോഗിക്കുന്നത് തടയാൻ ഗാംബിയ സർക്കാർ വീടുകളിലെത്തി ബോധവത്കരണ നടപടികൾ ആരംഭിച്ചു. ആരോപണം ഉയർന്നതിനു പിന്നാലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡിന്‍റെ ഡൽഹിയിലെ കോർപറേറ്റ് ഓഫിസ് പൂട്ടിക്കിടക്കുകയാണ്.

ഇന്ത്യൻ നിർമിത ചുമ മരുന്നുകൾ ഗാംബിയ തിരിച്ചുവിളിച്ചു

ന്യൂഡൽഹി: 66 കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട് ഇന്ത്യൻ നിർമിത നാല് ചുമ മരുന്നുകൾ ഗാംബിയ അടിയന്തരമായി തിരിച്ചുവിളിച്ചു. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ഹരിയാനയിലെ സോനിപത് ആസ്ഥാനമായുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽ ലിമിറ്റഡ് നിർമിച്ച നാല് ചുമ മരുന്നുകൾ ഗാംബിയ തിരിച്ചുവിളിച്ചത്.

പൊതുജനം ഇവ ഉപയോഗിക്കുന്നത് തടയാൻ വീടുകളിലെത്തിയുള്ള ബോധവത്കരണവും ഗാംബിയ ആരംഭിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടന അറിയിച്ചതിനെ തുടർന്ന് ഇന്ത്യ, മരുന്നുകളുടെ സാമ്പിൾ കൊൽക്കത്തയിലെ ലാബിലേക്ക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Tags:    
News Summary - children die in Gambia-India investigates cough medicines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.