ബംഗളൂരു: വിദ്യാർഥികൾ സ്കൂളിൽ പോകുമ്പോൾ ഹിജാബും കാവിഷാളും ധരിക്കരുതെന്ന് കർണ്ണാടക ആഭ്യന്തര മന്ത്രിയായ ആരാഗ ജ്ഞാനേന്ദ്ര പറഞ്ഞു. വിദ്യാർഥികൾ സ്കൂളിൽ പോകുന്നത് മതം അഭ്യസിക്കാനല്ലെന്നും ഭാരത മാതാവിന്റെ കുട്ടികളാണെന്ന തിരിച്ചറിവോടെയാണ് സ്കൂളിൽ പോകേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുന്ദാപൂരിലെ സർക്കാർ പ്രീ-യൂണിവേഴ്സിറ്റി കോളേജിൽ മുസ്ലീം പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തുന്നതിനെതിരെ നൂറിലധികം ഹിന്ദു വിദ്യാർത്ഥികൾ കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയുടെ ഐക്യത്തെ തകർക്കുന്ന വ്യത്യസ്ത ആശയങ്ങളുള്ള മത സംഘടനകൾ സംസ്ഥാനത്തുണ്ടെന്നും അവയെ പ്രത്യേകം നിരീക്ഷിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടതായും ജ്ഞാനേന്ദ്ര പറഞ്ഞു. മതപരമായ ആചാരങ്ങൾ പിന്തുടരാൻ പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളുമുണ്ടെന്നും സ്ക്കൂളുകളിൽ എല്ലാ മതങ്ങളിലെയും വിദ്യാർഥികൾ ഒരുമിച്ചിരുന്ന് ഒരേ അമ്മയുടെ മക്കളാണെന്ന തോന്നലോടെ പഠിക്കണമെന്നും ജ്ഞാനേന്ദ്ര ഉപദേശിച്ചു.
സമാനമായി കഴിഞ്ഞ മാസം ഉഡുപ്പി സർക്കാർ വനിതാ പി.യു. കോളേജിൽ ഹിജാബ് ധരിച്ചെത്തിയ എട്ടു വിദ്യാർഥികളെ അധികൃതർ കോളേജിൽ നിന്ന് പുറത്താക്കിയിരുന്നു . ഹിജാബ് ധരിക്കുന്നത് യൂണിഫോം കോഡിന്റെ ലംഘനമാണെന്നും ഇത് ധരിക്കണമെന്ന് നിർബന്ധമുള്ളവർ ഓൺലൈൻ ക്ലാസുകൾ സ്വീകരിക്കേണ്ടിവരുമെന്നും കോളേജ് അധികൃതർ പറഞ്ഞിരുന്നു.
അതേസമയം, ഹിജാബ് വിവാദത്തിൽ കോൺഗ്രസ് നേതാക്കളും പാർലമെന്റ് അംഗങ്ങളുമായ ശശി തരൂർ, കാർത്തി പി. ചിദംബരം, ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഒമർ അബ്ദുല്ല തുടങ്ങിയവർ വിമർശനവുമായി എത്തിയിരുന്നു. എല്ലാവർക്കും ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഇന്ത്യയുടെ കരുത്തെന്നും ഹിജാബ് അനുവദിക്കാനാകില്ലെങ്കിൽ സിഖ് തലപ്പാവിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? ഹിന്ദുക്കളുടെ നെറ്റിയിലെ പൊട്ടിനെക്കുറിച്ചും ക്രിസ്ത്യാനികളുടെ കുരിശിനെക്കുറിച്ചുമെല്ലാം എന്താണ് അഭിപ്രായമെന്നും അദ്ദേഹം ചോദിച്ചു. കുട്ടികളെ കോളേജിൽ പ്രവേശിക്കാൻ അനുവദിക്കണം. അവരെ പഠിക്കാനും സ്വന്തമായി തീരുമാനമെടുക്കാനും അനുവദിക്കണമെന്നും വിദ്യാർത്ഥികളെ സ്‌കൂൾ അധികൃതർ തടയുന്ന വിഡിയോ പങ്കുവച്ച് തരൂർ ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.