ശ്രീനഗർ: ജമ്മു കശ്മീരിൽ അതിശൈത്യകാലത്തിന് തുടക്കമായി. 40 ദിവസത്തോളം നീളുന്ന 'ചില്ലായ് കലാൻ' എന്നറിയപ്പെടുന്ന ശൈത്യകാലത്തിനാണ് തുടക്കമായത്. വെള്ളിയാഴ്ച രാത്രി ശ്രീനഗറിൽ രേഖപ്പെടുത്തിയ കുറഞ്ഞ താപനില മൈനസ് 8.5 ഡിഗ്രീ സെൽഷ്യസാണ്. 50 വർഷത്തിനിടയിലെ ഏറ്റവും കടുത്ത തണുപ്പാണിതെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
ശ്രീനഗറിൽ വ്യാഴാഴ്ച രാത്രി മൈനസ് 6.2 ഡിഗ്രീ സെൽഷ്യസായിരുന്നു താപനില. ഇതാണ് വെള്ളിയാഴ്ച രാത്രി മൈനസ് 8.5 ഡിഗ്രീ സെൽഷ്യസിലേക്ക് താഴ്ന്നത്. 1974ന് ശേഷമുള്ള ഏറ്റവും താഴ്ന്ന താപനിലയാണിതെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 1974ൽ മൈനസ് 10.3 വരെ താപനില താഴ്ന്നിരുന്നു. 1891ന് ശേഷമുള്ള മൂന്നാമത്തെ ഏറ്റവും തണുപ്പേറിയ സമയം കൂടിയാണിത്. 1934 ഡിസംബർ 13ന് രേഖപ്പെടുത്തിയ മൈനസ് 12.8 ഡിഗ്രീ സെൽഷ്യസാണ് ശ്രീനഗറിന്‍റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയായി കണക്കാക്കുന്നത്.
മേഖലയിൽ പല ജലാശയങ്ങളും തണുത്തുറഞ്ഞ നിലയിലാണ്. ദാൽ തടാകത്തിന്‍റെ ചില ഭാഗങ്ങളും തണുത്തുറഞ്ഞതായി വാർത്താ ഏജൻസി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. നഗരത്തിലേക്കും താഴ്വര മേഖലകളിലേക്കുമുള്ള കനാലുകളും തണുത്തുറഞ്ഞിട്ടുണ്ട്.
കശ്മീരിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പഹൽഗാമിൽ താപനില മൈനസ് 8.6 ഡിഗ്രീ സെൽഷ്യസിലേക്ക് താഴ്ന്നു. ഗുൽമാർഗിൽ ഇത് 6.2 ഡിഗ്രീ സെൽഷ്യസാണ്. കശ്മീർ താഴ്വരയിലെ ഏറ്റവും തണുപ്പേറിയ സ്ഥലമായി കണക്കാക്കുന്ന കോനിബാലിൽ മൈനസ് 10.5 വരെ തണുപ്പെത്തി.
കടുത്ത തണുപ്പനുഭവപ്പെടുന്ന 'ചില്ലായ് കലാൻ' ജനുവരി 31 വരെ തുടരുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. ഇതിന് ശേഷം 20 ദിവസം നീളുന്ന 'ചില്ലായ് ഖുർദ്' കാലഘട്ടമായിരിക്കും. തണുപ്പ് കുറഞ്ഞുവരുന്ന സമയമാണിത്. ഇതിന് ശേഷം 10 ദിവസം നീളുന്ന 'ചില്ലായ് ബച്ചാ'യും പിന്നിട്ടാണ് ജമ്മു കശ്മീർ കൊടുംതണുപ്പിന്‍റെ പിടിയിൽ നിന്ന് പുറത്തുവരിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.