ന്യൂഡൽഹി: ലഡാക്കിലെ അതിർത്തിക്ക് സമീപം സൈനിക രേഖകളുമായി ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. ചുമാർ-ഡെംചോക്ക് പ്രദേശത്ത് നിന്നാണ് സിവിൽ -സൈനിക രേഖകളുമായി ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി സൈനികനെ പിടികൂടിയത്. ചൈനീസ് സേനാംഗം അതിർത്തി അറിയാതെ അബദ്ധത്തിൽ ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം നിലവിലുള്ള അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് ആർമിയിലേക്ക് തിരിച്ചയക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മെയ് മുതൽ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ- ചൈനീസ് സൈനിക സംഘർഷം നിലനിൽക്കുകയാണ്. ജൂണിൽ ഗാൽവാൻ വാലിയിൽ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തിൽ 20 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ മാസം, പാങ്കോംഗ് ത്സോയിൽ മുന്നേറ്റം നടത്തിയ ചൈനീസ് സേനയെ തുരത്താൻ ഇന്ത്യൻ സൈന്യം ഒന്നിലധികം തവണ വായുവിൽ നിറയൊഴിച്ചിരുന്നു. തുടർന്ന് ചൈനീസ് സേനയും പ്രകോപനപരരമായ രീതിയിൽ വെടിയുതിർത്തിരുന്നു.
ഇന്ത്യ- ചൈന അതിർത്തി സംഘർഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മിൽ നിരവധി തവണ സൈനിക, നയതന്ത്ര ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികൾ പുനഃസ്ഥാപിക്കാനായിട്ടില്ല. അതിർത്തിയിൽ നിന്നും പിൻമാറുന്നതിനുള്ള കരാറുകൾ പാലിക്കാൻ ചൈന ഇതുവരെ സമ്മതിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.