കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്ന് സോണിയ ഗാന്ധി

ന്യുഡൽഹി: കോൺഗ്രസിൽ മാറ്റം അനിവാര്യമാണെന്ന് അധ്യക്ഷ സോണിയ ഗാന്ധി. കോൺഗ്രസിന്‍റെ മാറ്റം കാലഘട്ടത്തിന്‍റെ ആവശ്യമാണ്. പ്രവർത്തനരീതിയിൽ മാറ്റം വരുത്തേണ്ടിയിരിക്കുന്നു -സോണിയ ഗാന്ധി പറഞ്ഞു. രാജസ്ഥാനിലെ ഉദയ്പൂരിൽ മൂന്ന് ദിവസമായി നടക്കുന്ന ചിന്തൻ ശിവിർ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സോണിയ.

ന്യൂനപക്ഷങ്ങളെ മർദ്ദിക്കാനും ഗാന്ധിഘാതകരെ മഹത്വവത്ക്കരിക്കാനുമാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് സോണിയ കുറ്റപ്പെടുത്തി. സാമ്പത്തികവും സാമൂഹികവുമായ ലക്ഷ്യങ്ങൾ മുൻനിർത്തി കോൺഗ്രസ് സർക്കാറുകൾ കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങളെ ബി.ജെ.പി ഇപ്പോൾ സ്വകാര്യവത്കരിക്കുകയാണെന്നും അവർ പറഞ്ഞു.

കോൺഗ്രസ് നേരിടുന്ന വിവിധ വെല്ലുവിളികളെ അഭിമുഖീകരിച്ച് പുതിയ ദിശയിലേക്ക് നീങ്ങാനും രാജ്യത്തിന്റെ ശോഭനമായ ഭാവിക്ക് വഴിയൊരുക്കാനും ആവശ്യമായ ആത്മപരിശോധനകൾ സമ്മേളനത്തിൽ നടത്തുമെന്ന് പ്രതിനിധികൾ വ്യക്തമാക്കി. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി വദ്ര എന്നിവരുൾപ്പെടെ 400 ഓളം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.

കഴിഞ്ഞ ഏഴ് വർഷമായി പാർട്ടി നേരിടുന്ന കനത്ത തെരഞ്ഞെടുപ്പ് പരാജയങ്ങളുടെയും വിയോജിപ്പുകളുടെയും പശ്ചാത്തലത്തിലാണ് മൂന്ന് ദിവസത്തെ 'നവ് സങ്കൽപ് ചിന്തൻ ശിവിർ' നടത്തുന്നത്. സമയബന്ധിതമായി പാർട്ടി പുനഃസംഘടിപ്പിക്കൽ, ധ്രുവീകരണ രാഷ്ട്രീയത്തെ ചെറുക്കുന്നതിനുള്ള വഴികൾ കണ്ടെത്തൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് വെല്ലുവിളികളെ മറികടക്കാന്‍ തയ്യാറെടുക്കൽ തുടങ്ങിയ കാര്യങ്ങളിലാണ് ചിന്തൻ ശിവിർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 

Tags:    
News Summary - Chintan Shivir Live Updates: "BJP Brutalising Minorities, Glorifying Gandhiji's Killers," Says Sonia Gandhi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.