ബംഗളൂരു: വ്യാഴാഴ്ച ഹുബ്ബള്ളിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ദേശീയ യുവജനോത്സവത്തിലേക്ക് വിദ്യാർഥികളെ എത്തിക്കണമെന്ന പ്രീയൂനിവേഴ്സിറ്റി വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലറിനെതിരെ വിമർശനം.ഓരോ പി.യു കോളജിൽനിന്നും കുറഞ്ഞത് 100 പേരെയെങ്കിലും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ എത്തിക്കണമെന്നാണ് ഡി.ഡി.പി.യു ഡെപ്യൂട്ടി ഡയറക്ടർ പുറപ്പെടുവിച്ച സർക്കുലറിലെ നിർദേശം.
ഡെപ്യൂട്ടി കമീഷണറിൽനിന്നുള്ള നിർദേശ പ്രകാരമാണ് ഉത്തരവെന്നും വീഴ്ചകൂടാതെ ഉത്തരവാദിത്തത്തോടെ വിദ്യാർഥികളെ ഉദ്ഘാടന ചടങ്ങിൽ എത്തിക്കണമെന്നും ഉത്തരവിൽ പറയുന്നു. വിദ്യാർഥികൾ തിരിച്ചറിയൽ കാർഡ് ധരിക്കണമെന്നും ഉച്ചഭക്ഷണം ഒരുക്കുമെന്നും അറിയിച്ചിട്ടുണ്ട്. സർക്കുലർ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വിദ്യാഭ്യാസ വകുപ്പിന് പരിഹാസവുമായി നെറ്റിസൺസ് രംഗത്തെത്തി.
പിന്നീട്, വിദ്യാർഥികളെ നിർബന്ധിച്ച് പങ്കെടുപ്പിക്കാൻ താൻ നിർദേശം നൽകിയിട്ടില്ലെന്ന് ഡി.ഡി.പി.യു ഡെപ്യുട്ടി കമീഷണർ ഗുരുദത്ത ഹെഗ്ഡെ പ്രതികരിച്ചു. ഓൺലൈനായി രജിസ്റ്റർ ചെയ്ത താൽപര്യമുള്ള പി.യു കോളജ് വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യം ഏർപ്പെടുത്തണമെന്നാണ് നിർദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡെപ്യൂട്ടി കമീഷണറുടെ നിർദേശം തെറ്റിദ്ധരിച്ചതാണെന്നും പറ്റിയ തെറ്റിൽ ക്ഷമാപണം നടത്തുന്നതായും ഡെപ്യൂട്ടി ഡയറക്ടർ കൃഷ്ണ നായിക് പറഞ്ഞു. സർക്കുലർ പിൻവലിച്ചതായും അദ്ദേഹം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.