ന്യൂഡൽഹി: ക്ഷേത്രങ്ങൾക്ക് മുകളിലുള്ള ധ്വജങ്ങൾ പ്രചോദനമാണെന്ന് ഗുജറാത്തിലെ അഭിഭാഷകർക്ക് മുമ്പാകെ മനസ് തുറന്ന ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനോട് നീതിയുടെ കൊടിക്ക് നിറം മൂവർണമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. പ്രിയ രാജ്യത്തിന് മതമില്ലെന്നും എല്ലാവരെയും ആഘോഷിക്കണമെന്നും സമൂഹ മാധ്യമമായ ‘എക്സി’ലൂടെ ചീഫ് ജസ്റ്റിനെ ഉവൈസി ഉണർത്തി.
കാവിയണിഞ്ഞ് സോമനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമായിരുന്നു രാജ്കോട്ട് ജില്ലാ കോടതിയിലെ അഭിഭാഷകരുടെ ചടങ്ങിൽ ക്ഷേത്രത്തിന് മുകളിൽ പാറുന്ന കൊടികൾ പ്രചോദനമാണെന്ന് ചീഫ് ജസ്റ്റിസ് മനസ് തുറന്നത്. ‘‘ഇന്ന് രാവിലെ ദ്വാരകാധീഷ് ജി(ദ്വാരക ക്ഷേത്രം)യിലെ ധ്വജം കണ്ട് ഞാൻ പ്രചോദിതനായി. പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിൽ കണ്ടതിന് സമാനമായ ധ്വജമായിരുന്നു അത്. നമ്മുടെ രാജ്യത്തെ പാരമ്പര്യത്തിന്റെ ഈ സാർവലൗകികത ഒന്ന് നോക്കൂ. ഈ കൊടി നമുക്ക് പ്രത്യേകമായ അർഥം നൽകുന്നുണ്ട്. അഭിഭാഷകർ, ജഡ്ജിമാർ, പൗരന്മാർ തുടങ്ങി നമുക്ക് എല്ലാവർക്കും മുകളിൽ നമ്മെ ഒന്നിപ്പിക്കുന്ന ഒരു ശക്തിയുണ്ട് എന്ന അർഥമാണ് ഈ കൊടി നൽകുന്നത്. നമ്മെ ഒന്നിപ്പിക്കുന്ന ആ ശക്തി മാനവികതയാണ്. അതിനെ ഭരിക്കുന്നത് ഇന്ത്യൻ ഭരണഘടനയുടെ നിയമവാഴ്ചയാണ്.’’ ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ഈ വാക്കുകൾ ഹർഷാരവങ്ങളോടെയാണ് രാജ്കോട്ടിലെ അഭിഭാഷകർ വരവേറ്റത്.
ഇതിന് മറുപടിയായാണ് നീതിയുടെ കൊടിക്ക് നിറം മൂവർണമാണെന്ന് അസദുദ്ദീൻ ഉവൈസി എക്സിൽ പോസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.