ന്യൂഡൽഹി: ഹരിയാനയിൽ 12ാം ക്ലാസ് വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ച് കൊന്നു. യമുനനഗറിലെ സ്വകാര്യ സ്കൂളിലെ കോമേഴ്സ് വിദ്യാർഥിയാണ് പ്രിൻസിപ്പൽ റിതു ചാബ്രയെ കൊലപ്പെടുത്തിയത്. അച്ഛെൻറ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചായിരുന്നു വിദ്യാർഥി പ്രിൻസിപ്പലിനെ വെടിവെച്ചത്.
വെടിയേറ്റ് റിതുവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിനായില്ല. മൂന്ന് വെടിയുണ്ടകളാണ് അവരുടെ ശരീരത്തിൽ നിന്ന് കണ്ടെടുത്തത്. ഹാജർ കുറവായതിെൻറ പേരിൽ വിദ്യാർഥിയെ കഴിഞ്ഞ ദിവസം സ്കുളിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് വെടിവെപ്പിലേക്ക് നയിച്ചതെന്നാണ് സൂചന. ഇന്ന് ഉച്ചയോടെ സ്കുളിലെത്തിയ വിദ്യാർഥി പ്രിൻസിപ്പലിനെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് പ്രിൻസിപ്പലിെൻറ റൂമിലെത്തി അവർക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവമറിഞ്ഞെത്തിയ സ്കുൾ ജീവനക്കാർ വിദ്യാർഥിയെ തടഞ്ഞുവെച്ചു.
കേസ് സംബന്ധിച്ച വിശദമായ അന്വേഷണം ആരംഭിച്ചതായി യമുനനഗർ പൊലീസ് സുപ്രണ്ട് രാജേഷ് കാലിയ പ്രതികരിച്ചു. വെടിവെച്ച വിദ്യാർഥി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്കുൾ വിദ്യാർഥികൾക്കിടയിലെ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടെയാണ് പുതിയ സംഭവം. 16 വയസുകാരനായ വിദ്യാർഥി ഗുഡ്ഗാവിൽ രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയത് വാർത്തയായിരുന്നു. ഒന്നാം ക്ലാസുകാരനെ സീനിയർ വിദ്യാർഥിനി ആക്രമിച്ചതും ഇൗയടുത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.