ഹൈദരാബാദ്: സഹപാഠിയുമായുള്ള സൗഹൃദം നിർത്താനുള്ള ആവശ്യം നിരസിച്ചതിനെത്തുടർന്ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ യുവാവ് കോളജ് വിദ്യാർഥിനിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി.
നരസരപേട്ടിലെ കൃഷ്ണവേണി പ്രൈവറ്റ് ഡിഗ്രി കോളജിലെ വിദ്യാർഥിനിയായ അനുഷയാണ് മരിച്ചത്. അതേ കോളജിൽ തന്നെ പഠിക്കുന്ന വിഷ്ണുവർധൻ റെഡ്ഡിയാണ് കേസിലെ പ്രതി.
മറ്റൊരു സഹപാഠിയുമായി അനുഷ തുടർന്ന് വന്ന സൗഹൃദം വിഷ്ണുവർധന് ഇഷ്ടമല്ലായിരുന്നു. ഇക്കാര്യം സംസാരിക്കുന്നതിനിടെ വഴക്കുണ്ടാവുകയും അനുഷയെ വിഷ്ണുവർധൻ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപാതക ശേഷം മൃതദേഹം പാലപാടക്ക് സമീപത്തുള്ള കനാലിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതി നരസരപേട്ട് പൊലീസിൽ കീഴടങ്ങി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രതിക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർഥികളും ബന്ധുക്കളും പ്രതിഷേധം സംഘടിപ്പിച്ചു.
കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച മുഖ്യമന്ത്രി വൈ.എസ്. ജഗൻമോഹൻ റെഡ്ഡി പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.